thrikkakkara-pt

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉടനില്ലെന്ന് ഉറപ്പായതോടെ, മുന്നൊരുക്കത്തിന് കൂടുതൽ സമയം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മുന്നണികൾ. സ്ഥാനാർത്ഥി നിർണയത്തിൽ കാര്യമായ ചർച്ച ആരംഭിച്ചിട്ടില്ല. പി.ടി. തോമസിന്റെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാകും പ്രധാന പ്രചാരണവിഷയം.

തൃക്കാക്കര മണ്ഡലം 2011ൽ രൂപീകരിക്കപ്പെട്ടത് മുതൽ വിജയിച്ചത് യു.ഡി.എഫാണ്. ബെന്നി ബെഹനാൻ ആദ്യ തവണയും, തുടർന്ന് രണ്ടു തവണ പി.ടി. തോമസും വിജയിച്ചു. പി.ടി. തോമസിന്റെ ഭാര്യ ഉമയെ മത്സരിപ്പിക്കാൻ കോൺഗ്രസിന് താല്പര്യമുണ്ടെങ്കിലും ,അവർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പി.ടിയുടെ സുഹൃത്തായ മുൻ അംബാസഡർ വേണു രാജാമണി, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവരും പരിഗണിക്കപ്പെട്ടേക്കും.എൽ.ഡി.എഫിൽ സി.പി.എം സ്വതന്ത്രൻ ഡോ.ജെ. ജേക്കബാണ് കഴിഞ്ഞ തവണ മത്സരിച്ചത്. വിജയം ഉറപ്പുള്ള സ്ഥാനാർത്ഥിയെയാണ് എൽ.ഡി.എഫ് നോക്കുന്നത്. എം. സ്വരാജിനെയോ പ്രാദേശികബന്ധമുള്ള പൊതുസമ്മതരെയോ പരിഗണിച്ചേക്കും. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമേ സ്ഥാനാർത്ഥിയെ തീരുമാനിക്കാനിടയുള്ളൂ.

ബി.ജെ.പി കഴിഞ്ഞ തവണ മത്സരിച്ച എസ്. സജിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയേക്കും.

ജില്ലാ ആസ്ഥാനവും കൊച്ചി നഗരസഭയുടെ വലിയൊരു പ്രദേശവും ഉൾപ്പെടുന്നതാണ് തൃക്കാക്കര. തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് പുറമെ കോർപ്പറേഷനിലെ 22 ഡിവിഷനുകളും . ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയും തൃക്കാക്കരയിലാണ്.

വോട്ടർമാർ (2021ൽ) 1,81,261

2021 തിരഞ്ഞെടുപ്പ്

പി.ടി. തോമസ് (യു.ഡി.എഫ് ) :59,839

ഭൂരിപക്ഷം: 14,329

ഡോ. ജെ. ജേക്കബ് (എൽ.ഡി.എഫ് ): 45,510

എസ്. സജി (ബി.ജെ.പി): 15,483

ടെറി തോമസ് (ട്വന്റി 20): 13,897

2016

പി.ടി. തോമസ് (യു.ഡി.എഫ്): 61,268

ഭൂരിപക്ഷം: 11,813

സെബാസ്റ്റ്യൻ പോൾ (എൽ.ഡി.എഫ്): 49,455

എസ്. സജി (ബി.ജെ.പി): 21,247

നോട്ട: 1,275

2011

ബെന്നി ബെഹനാൻ (യു.ഡി.എഫ്): 65,854

ഭൂരിപക്ഷം: 22,136

ഇ.എം. ഹസൈനാർ (എൽ.ഡി.എഫ്): 43,448

എൻ. സജികുമാർ (ബി.ജെ.പി): 5,935