തൃപ്പൂണിത്തുറ: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പൊതുവിദ്യാഭ്യാസ ഏകീകരണം കൈവിട്ട കളിയാകുമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) എറണാകുളം ജില്ലാ സമ്മേളനം. ഉന്നത വിദ്യാഭ്യാസമേഖലയുടെ ചവിട്ടുപടിയായി മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഹയർ സെക്കൻഡറി മേഖലയിൽ അനാവശ്യമായി വരുത്തുന്ന ഘടനാപരവും അക്കാഡമികവുമായ മാറ്റങ്ങൾ കുട്ടികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസം നിഷേധിക്കുന്നതിനും പൊതു വിദ്യാലയങ്ങളുടെ തകർച്ചക്കും കാരണമാകുമെന്ന് സമ്മേളനം വിലയിരുത്തി.
വിദ്യാഭ്യാസ വിദഗ്ദ്ധരുടെ ഉപദേശങ്ങൾ അവഗണിച്ചും പൊതുസമൂഹത്തിന്റെ പിന്തുണയില്ലാതെയും ഏകപക്ഷീയമായി നടത്തുന്ന ഏകീകരണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ കെ.ബാബു എം.എൽ. എ പറഞ്ഞു. ഹയർ സെക്കൻഡറി മേഖലയിലെ ജൂനിയർ തസ്തിക പാർട്ട് ടൈം തസ്തികയാക്കി മാറ്റാനുള്ള ശ്രമമടക്കം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ദോഷകരമായി ബാധിക്കുന്ന തരത്തിൽ ഏകീകരണത്തിന്റെ പരിണത ഫലങ്ങൾ വെളിപ്പെട്ടു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ ലൗലി ജോസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ഷിബു സി ജോർജ്, തൃപ്പൂണിത്തുറ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, ഖജാൻജി ഡോക്ടർ എ അനുകുമാർ തുടങ്ങിയവർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.