 
കളമശേരി: പാതാളം റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിൽ ഏകദേശം പത്തുമീറ്റർ നീളത്തിൽ കാർബൺ പൊടികളും എണ്ണപ്പാടകളും കൂടി ചേർന്ന മാലിന്യങ്ങൾ ജലോപരിതലത്തിൽ കെട്ടിക്കിടക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കുശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഞായർ ഒഴിവുദിവസം നോക്കി എടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്ന് പുറംതള്ളിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റും സമീപത്തെ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പെരിയാറിനെയാണ്. ഓക്സിജന്റെ അളവു കുറഞ്ഞതിനെ തുടർന്ന് മത്സ്യങ്ങൾ ശ്വാസംകിട്ടാതെ വെള്ളത്തിനു മുകളിലേക്ക് പിടഞ്ഞുവരുന്നതും കാണാം. വൻ മത്സ്യക്കുരുതിക്കും സാദ്ധ്യത ഏറെയാണ്. നൂറുകണക്കിന് മത്സ്യസമ്പത്തുണ്ടായിരുന്ന പെരിയാറിൽ വിഷമാലിന്യങ്ങളും മാരകരാസപദാർത്ഥങ്ങളും ഒഴുക്കിവിടുന്നതിന്റെ ഫലമായി മത്സ്യങ്ങളുടെ എണ്ണം പാടെകുറഞ്ഞു. കുളിക്കാനിറങ്ങുന്നവർക്ക് ശരീരമാകെ ചൊറിച്ചിലും ത്വക് രോഗങ്ങളും പിടിപെടുന്നുണ്ട്.
 പരിശോധന വെറുതെ
പെരിയാറിൽ വിഷമൊഴുകുമ്പോഴെല്ലാം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെ സാമ്പിൾ ശേഖരിക്കുന്നത് പതിവാണെങ്കിലും നടപടികൾ എടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഇന്നലെയും ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധിച്ചതിനു ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്ന സ്ഥിരം മറുപടിയാണ് കിട്ടിയത്.