 
ആലുവ: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് സർക്കാർ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ശ്രവണ, സംസാര വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന 'ഓൾ കേരള പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ്' (അക്പാഹി) 14 ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന അസോസിയേഷൻ പ്രസിഡന്റ് ബേബി ജോസഫ് ശ്രവണ, സംസാര വൈകല്യമുള്ളവരുടെ ദുരിതം സൂചിപ്പിപ്പോഴാണ് മന്ത്രി അനുകൂല നിലപാട് വ്യക്തമാക്കിയത്. ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഹയർ സെക്കൻഡറി തലത്തിൽ ഇത്തരം കുട്ടികൾക്ക് പഠിക്കുന്നതിന് സൗകര്യമുണ്ട്. എന്നാൽ ബിരുദ പഠനത്തിന് ചുരുക്കം സ്ഥലത്ത് മാത്രം സെൽഫ് ഫൈനാൻസിംഗ് സ്ഥാപനങ്ങൾ മാത്രമാണുള്ളത്.
കോക്ലിയാർ ഇംപ്ലാന്റേഷനായി നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സംസ്ഥാന ജനറൽ സെക്രട്ടറി എം. മൊയ്ദീൻ, കെ.എൻ. ഹാരീസ്, സ്വാഗതസംഘം ചെയർമാൻ ആർ.കെ. ശിവൻ, എൻ.ടി. ബോസ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി മേഖലകളിൽ സമഗ്രസംഭാവനകൾ നൽകിയ ബെന്നി ബഹനാൻ എം.പി, സിസ്റ്റർ അഭയ, എം. മൊയ്ദീൻ എന്നിവരെ മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചു.