പറവൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ സംസ്ഥാനത്ത് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി പറവൂർ മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ വാഹന ജാഥ 14,15 തീയതികളിൽ നടക്കും. 14ന് വരാപ്പുഴയിൽ ചെട്ടിഭാഗത്ത് നിന്നാരംഭിക്കുന്ന ജാഥ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് മന്നത്ത് സമാപന സമ്മേളനം കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യും. 15ന് മാല്യങ്കരയിൽ നിന്നാരംഭിക്കുന്ന ജാഥ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനാറ് കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പറവൂർ തട്ടുകടവിൽ സമാപന സമ്മേളനം കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ക്യാപ്ടനും എ.കെ. സുരേഷ് വൈസ് ക്യാപ്ടനും പി.എൻ. സന്തോഷ് ജാഥ ഡയറക്ടറുമാണ്. 17ന് പറവൂർ പോസ്റ്റാഫീസ് മാർച്ച് രാവിലെ 10ന് സംസ്ഥാന കൗൺസിലംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്യും.