കൊച്ചി: ശ്രീനാരായണ ഗുരുദേവദർശന പ്രചാരണത്തിന് വേറിട്ടവഴികൾ തേടുന്ന രഘു പാത്താമുട്ടം ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ.
ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ 'ദേവസഭാതലം രാഗിലമാകുവാൻ' എന്ന ഗാനത്തിന്റെ പശ്ചാത്തല സംഗീതമുപയോഗിച്ച് ഗുരുദേവ.. ഗുരുദേവ.. ശ്രീനാരായണ ഗുരുദേവ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ഈശ്വരൻ ഹിന്ദുവല്ല... തുടങ്ങി 5 ഗാനങ്ങൾ തുടർച്ചയായി ആലപിച്ചതിനാണിത്.
10 വർഷത്തിലേറെയായി ഗുരുദേവകൃതികളുടെ പ്രചാരണത്തിനായി നിസ്വാർത്ഥസേവനം അനുഷ്ഠിക്കുന്ന ഗായകനാണ് കോട്ടയം കുറിച്ചി സ്വദേശിയായ രഘു. 2020ൽ അന്താരാഷ്ട്ര യോഗദിനം, സംഗീതദിനം എന്നിവയോടനുബന്ധിച്ച് യോഗയും ദൈവദശകവും സമന്വയിപ്പിച്ച് നടത്തിയ ഫ്യൂഷന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. ദൈവദശകം ദേശീയപ്രാർത്ഥനയാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി ആനന്ദാശ്രമം മുതൽ കോട്ടയം നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണം വരെ 30 കിലോമീറ്റർ ദൈവദശകം ആലപിച്ച് നഗ്നപാദനായി പഥസഞ്ചലനം, പാത്താമുട്ടം ശ്രീശാരദാക്ഷേത്രത്തിൽ നിന്ന് ചക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവീസ്തോത്രപഥസഞ്ചലനം എന്നിവയും നടത്തിയിട്ടുണ്ട്. ദൈവദശകം, ഗുരുസ്തവം എന്നിവയുടെ രചനാശതാബ്ദിയോടനുബന്ധിച്ച് വിവിധ ക്ഷേത്രത്തിൽ 10 മുതൽ 25 മണിക്കൂർ വരെ അഖണ്ഡസംഗീതാർച്ചന, കഴിഞ്ഞ മണ്ഡലപൂജ ദിനത്തിൽ ചങ്ങനാശേരിയിൽ 41 മണിക്കൂർ സർവ്വമതപ്രാർത്ഥന എന്നിവയും നടത്തി. വൃദ്ധസദനങ്ങളിലും ആശുപത്രികളിലും രോഗികൾക്ക് സന്ത്വനമേകാനും രഘു സംഗീതവിരുന്നുകൾ ഒരുക്കാറുണ്ട്.
പെയിന്റിംഗ് തൊഴിലാളിയായ രഘു 26-ാം വയസിലാണ് സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. 1500ലേറെ വേദികളിൽ സംഗീതാർച്ചന നടത്തി.