കാലടി: നീലീശ്വരത്ത് അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പള്ളുപ്പെട്ട കവലയിൽ കല്ലൂക്കാരൻ വീട്ടിൽ കെ.വി.ജോയിയുടെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. രണ്ടും നാലും വയസുള്ള ആടുകളെയാണ് ഞായറാഴ്ച പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരാടിന്റെ കഴുത്തിന്റെ ഭാഗത്തും മറ്റൊരാടിന്റെ വയറിന്റെ ഭാഗത്തും കടിയേറ്റിട്ടുണ്ട്. കാരക്കാട് സ്റ്റേഷൻ വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആടിനെ കടിച്ചു കൊന്നത് നീർനായയോ കുറുക്കനോ ആകാമെന്നാണ് വനപാലകരുടെ നിഗമനം.