boys-school-logo

പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലി ആഘോഷം 24ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ആൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള കലാലയം മിക്സഡ് സ്കൂളാക്കാൻ പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രഖ്യാപനം ഉദ്ഘാടന ചടങ്ങിൽ മന്ത്രി നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, പൂർവവിദ്യാർത്ഥികളുടെ മത്സരങ്ങൾ, കലാപരിപാടികൾ, ഗുരുവന്ദനം, പ്രമുഖരായ പൂർവവിദ്യാർത്ഥികള ആദരിക്കൽ, സെമിനാറുകൾ, ഇന്റർ സ്കൂൾ ക്വിസ് മത്സരങ്ങൾ, വിദ്യാർഥികൾക്കായി കലാകായിക പരിപാടികൾ, പ്രദർശനങ്ങൾ, സിനിമ ആസ്വാദനം എന്നിവ ഒരുവർഷത്തെ ആഘോഷങ്ങളുടെ ഭാഗമാകും. പ്രമുഖരായ പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങളും നാടിന്റെ പൈതൃകം വിളിച്ചോതുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും സ്കൂളിന്റെ ചുറ്റുമതിലിൽ ആലേഖനം ചെയ്യും. ജൂബിലി സ്മാരകമായി സെമിനാർ ഹാൾ നിർമ്മിക്കാൻ പ്രതിപക്ഷനേതാവ് ഒരു കോടി രൂപ അനുവദിച്ചു. പൂർവവിദ്യാർത്ഥി സംഘടനയും ജീവനക്കാരും ചേർന്ന് സ്കൂളിനായി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. സ്കൂളിൽ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കും. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പത്രസമ്മേളത്തിൽ പൂർവവിദ്യാർഥി സംഘടനാ ചെയർമാൻ എൻ.എം. പിയേഴ്സൻ, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, പി.ടി.എ പ്രസിഡന്റ് ജാസ്മിൻ കരീം, പറവൂർ ജ്യോതിസ്, നഗരസഭ കൗൺസിലർ എം.കെ. ബാനർജി, പ്രധാനാദ്ധ്യാപിക എ.എസ്. സിനി എന്നിവർ പങ്കെടുത്തു.