
മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണിയുടെ പേരുപറഞ്ഞ് മൂവാറ്റുപുഴയാർ വറ്റിക്കാൻ ശ്രമിക്കരുതെന്ന ആവശ്യം ശക്തമായി. വെള്ളപ്പൊക്കം പ്രകൃതിസഹജമായ പ്രതിഭാസമാണെന്നും മലങ്കരഡാമും റാക്കാട് ചെക്ക്ഡാമും ഉണ്ടാക്കുന്നതിനു മുമ്പും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മൂവാറ്റുപുഴയിൽ വെള്ളപ്പൊക്കമുണ്ടാകുമായിരുന്നെന്ന് സാമൂഹ്യപ്രവർത്തകനായ പ്രമാേദ് മംഗലത്ത് പറഞ്ഞു. ഓരുവെള്ളം കയറാത്തതിനാൽ 365 ദിവസവും ശുദ്ധജലം ലഭ്യമായ കേരളത്തിലെ പുഴയെന്നതിനാൽ നാലോ അഞ്ചോ ജില്ലകളിലേയ്ക്ക് കുടിവെള്ളത്തിനും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കും ആശ്രയിക്കുന്നത് മൂവാറ്റുപുഴയാറിനെയാണ്. ഇടുക്കി പദ്ധതിയുടെ ഉപോത്പന്നമായി ലഭ്യമാകുന്ന ജലസമൃദ്ധികൊണ്ടുമാത്രമാണ് ഇത് സാദ്ധ്യമാക്കുന്നത്. വേനൽക്കാലത്ത് ലഭ്യമാകുന്ന ഈ ജലസമൃദ്ധതക്ക് തുരങ്കംവയ്ക്കുന്ന ഒരു പദ്ധതിയെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുവാൻ മൂവാറ്റുപുഴയാറിനെ ആശ്രയിച്ച് കഴിയുന്നവർക്ക് ആവില്ലെന്നും വെള്ളപ്പൊക്കഭീഷണി ഒഴിവാക്കുന്നതിന് സാങ്കേതികതയുടെ പരമാവധിസാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള വിദഗ്ദ്ധ മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കാലത്ത് മലങ്കരഡാമിലെ ജലവിതാനം ജാഗ്രതയോടെ കൈകാര്യംചെയ്താൽ വലിയൊരുപരിധിവരെ നഗരത്തിലുണ്ടാകാവുന്ന പ്രളയഭീഷണി നിയന്ത്രണ വിധേയമാക്കാമെന്ന് ഇക്കൊല്ലം മൂവാറ്റുപുഴ നിവാസികൾ അനുഭവിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നു. മൂവാറ്റുപുഴയാറിൽ തുടർച്ചയായി വെള്ളപ്പൊക്ക ഭീഷണിയും ഇതേ തുടർന്നുള്ള പ്രതിഷേധവും നിലനിൽക്കുന്നുവെന്ന് വരുത്തിതീർത്ത് ജലസമൃദ്ധി വഴിമാറ്റി കൊണ്ടുപോകാനുള്ള കുതന്ത്രമായി മാത്രമെ ഇപ്പോൾ നടക്കുന്ന യോഗങ്ങളെ കാണാനാകൂ. വേനൽ കടുത്തതോടെ ഇപ്പോൾ തന്നെ മൂവാറ്റുപുഴയാറിലെ ഒഴുക്ക് നിലച്ചുതുടങ്ങി. മൂലമറ്റം പവ്വർഹൗസിൽ നിന്ന് പുറംതള്ളുന്ന ജലം മൂവാറ്റുപുഴയാറിൽ എത്തുന്നതിനെ ദോഷകരമായി ബാധിക്കാത്ത വിധത്തിലാകണം പുതിയ പദ്ധതി രൂപപ്പെടുത്തേണ്ടത്. ഇല്ലെങ്കിൽ ഇടുക്കി ഡാം നിർമ്മിക്കുന്നതിനു മുമ്പുണ്ടായിരുന്ന മൂവാറ്റുപുഴയാറിന്റെ അവസ്ഥയിലേയ്ക്ക് പുഴ എത്തപ്പെടും എന്നും പ്രമോദ് മംഗലത്ത് പറഞ്ഞു.