ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ മറവിൽ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്തുന്നതായി പരാതി. തണ്ണീർത്തടം നികത്തുന്നതിനെതിരെ പഞ്ചായത്തിലെ എട്ടാംവാർഡ് നിവാസികളുടെ കൂട്ടായ്മ ജില്ലാകളക്ടർക്ക് പരാതിനൽകി. ചിറക്കേലിന്യ പാടശേഖരമാണ് മണ്ണിട്ടുനികത്തുന്നത്. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലത്ത് നിന്ന് കിലോമീറ്റർ നീളത്തിലാണ് മണ്ണിടൽ നടക്കുന്നത്. തുമ്പിച്ചാൽ വട്ടച്ചാൽ ജലസംഭരണിയോട് ചേർന്നു കിടക്കുന്ന തോടുകളും ചതുപ്പും നിറഞ്ഞ തണ്ണീർത്തട സമാനമായ പാടശേഖരമാണ് നികത്തുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ ബനിയൻമല, മോസ്‌കോ, നാലാംമൈൽ, ചക്കൻ കുളങ്ങര, കിഴക്കേ കീഴ്മാട്, ഡോൺ ബോസ്‌കോ ഭാഗങ്ങളിലെ ജനങ്ങളുടെ പ്രധാന ശുദ്ധജല സ്രോതസ്സാണ് ഈ പാടശേഖരം. ഇപ്പോൾത്തന്നെ വേനൽ കടുക്കുമ്പോൾ കുടിനീരിന് ബുദ്ധിമുട്ടുന്ന പ്രദേശവാസികൾ പാടശേഖരം നികത്തപ്പെടുന്നതിലൂടെ ശുദ്ധജലത്തിന് ഏറെ ക്ലേശിക്കേണ്ടി വരുമെന്ന് കീഴ്മാട് സ്വദേശി ബേബി വർഗീസ് പറഞ്ഞു.
വാദം വിചിത്രം
എന്നാൽ പ്രകൃതി വാതകക്കുഴൽ സ്ഥാപിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള സ്ഥലം കൃഷിഭൂമിയായി മാറ്റുമെന്ന വിചിത്ര മറുപടിയും റവന്യൂ ഉദ്യോഗസ്ഥർ നൽകിയെന്ന് പ്രദേശവാസികൾ പറയുന്നു. ഈ മേഖലയിലെ മറ്റ് കൃഷിയിടങ്ങളേയും ഗുരുതരമായി ബാധിക്കുമെന്നായിട്ടും പഞ്ചായത്തോ റവന്യൂ വിഭാഗമോ നടപടികൾ എടുക്കുന്നില്ലെന്നാണ് ആരോപണം. 2018 ലെ മഹാപ്രളയത്തിൽ പൂർണ്ണമായി മുങ്ങിയ മേഖലയായതിനാൽ പാടശേഖരം നികത്തപ്പെടുന്നത് ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.