
കളമശേരി: 'കുളിരും കൊണ്ടു കുണുങ്ങി നടക്കുന്ന മലയാളി പെണ്ണാണു നീ' എന്നു കവി വിശേഷിപ്പിച്ച പെരിയാറല്ല ഇന്നുള്ളത്.കറുത്തിരുണ്ടൊഴുകി ഭയപ്പെടുത്തുന്ന വിരൂപിയായ പുഴയായി മാറിക്കഴിഞ്ഞു. ഞായറാഴ്ച കാർബൺ ഡസ്റ്ററും എണ്ണപ്പാടയുമാണടിഞ്ഞതെങ്കിൽ ഇന്നലെ ചുവപ്പുനിറമായി പിന്നെ വിവിധ നിറങ്ങളായിട്ടും ബന്ധപ്പെട്ട അധികൃതർക്ക് ഒരു കുലുക്കവുമില്ല.
നാട്ടുകാർ പ്രതിഷേധമറിയിച്ചപ്പോൾ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥരെത്തി മൂന്നു ഷട്ടറുകൾ തുറന്നു. പതിമൂന്നു ഷട്ടറുകൾക്കു മുന്നിലും കരിയും ഓയിലും കലർന്ന രാസമാലിന്യം വൻതോതിൽ അടിഞ്ഞിരിക്കുകയായിരുന്നു. ഷട്ടറുകൾ തുറന്നതു കൊണ്ട് മത്സ്യക്കുരുതി ഒരുപരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
കളക്ടർ അവധിയായതിനാൽ ഡെപ്യൂട്ടി കളക്ടറെ വിവരമറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി വീണ്ടും സാമ്പിൾ എടുത്തു. പുതുവർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് പെരിയാർ മലിനമാക്കപ്പെടുന്നത്. വ്യവസായ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണ് വ്യവസായശാലകൾ മാലിന്യ സംസ്കരണ നിയന്ത്രണങ്ങൾ പാലിക്കാതെ മാരക വിഷമാലിന്യങ്ങൾ പെരിയാറിലേക്ക് പുറന്തള്ളുന്നത്.