club

തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷൻ മുതൽ ഹിൽപാലസ് റോഡ് വരെ മെട്രോറെയിലിനോടൊപ്പം 22 മീറ്റർ വീതിയിൽ നാലുവരി പാതയുടെ നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെട്രോറെയിൽ- റോഡ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം മുൻ എം.എൽ.എ എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. റിഫൈനറി റോഡും ഹിൽപാലസ് റോഡും ബന്ധിപ്പിച്ച് നാലുവരി പാത എന്ന ആശയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വരാജ് പറഞ്ഞു. മെട്രോയുടെ വരുമാനവും റയിൽവേയുടെ വരുമാനവും ഈ റോഡ്‌ യാഥാർത്ഥ്യമാകുന്നതോടെ ഗണ്യമായി വർദ്ധിക്കും. നിർദ്ദിഷ്ട ബസ് ടെർമിനൽ എന്ന ആശയത്തിനും ഈ റോഡു വരുന്നതോടെ കരുത്തേകും. സർക്കാരിൽ ഈ ആവശ്യത്തിനായി സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആദ്യ പോസ്റ്റ് കാർഡ് എം.സ്വരാജ് പോസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ചെയർമാൻ വി.പി പ്രസാദ് അദ്ധ്യക്ഷനായി. കൺവീനർ വി.സി ജയേന്ദ്രൻ, കെ.ബാലചന്ദ്രൻ, ജിജി വെണ്ടറപ്പള്ളി, രതി ഹരിഹരൻ, മുരളീകൃഷ്ണദാസ്, പി.എം വിജയൻ, എം.സന്തോഷ് കുമാർ, എ.മാധവൻ കുട്ടി, എം.എസ് നായർ, പി.എൻ. രവി, മനോഹരൻ, പി.ആർ നന്ദനൻ തുടങ്ങിയവർ സംസാരിച്ചു.