kpsta
കെ .പി .എസ്. ടി. എ സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പ്രചരണ പരിപാടികളുടെ ഉദ്ഘാടനം വാഴക്കുളം കാപ്പ് എൻ.എസ്.എസ് .എൽ.പി സ്കൂളിൽ ഡീൻ കുര്യാക്കോസ് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: കെ-റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിലൂടെ തുഗ്ലക്ക് മോഡൽ ഭരണപരിഷ്കാരം പുനരാവിഷ്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മാർച്ച് 11, 12, 13 തീയതികളിൽ എറണാകുളത്ത് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകരെ കെ -റെയിൽ പദ്ധതിയുടെ സർവ്വേ ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കായി നിയമിക്കുന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത് പൊതു സമൂഹത്തോടൊപ്പം അദ്ധ്യാപകരെയും പദ്ധതിക്കെതിരെയുള്ള സമരരംഗത്തേക്ക് ഇറക്കിവിടുന്നതിന് വഴിതെളിക്കുമെന്ന് ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ. പി .എസ്. ടി .എ സംസ്ഥാന സെക്രട്ടറി വി. എം. ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.വി.വിജയൻ, ജില്ലാ കമ്മിറ്റി അംഗം ടി.എ.മുരളി എന്നിവർ പ്രസംഗിച്ചു.