മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം. പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ 'റൈസ് "(റെജുവനേറ്റിംഗ് ഇടുക്കി സോഷ്യലി ആൻഡ് എജുക്കേഷണലി)ന് തുടക്കമായി. പദ്ധതിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികവുതെളിയിച്ച കുട്ടികളെ ആദരിക്കുന്ന പരിപാടിയാണ് ആരംഭിച്ചത്. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, ആവോലി പഞ്ചായത്തുകളിലെ വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികളെയാണ് എം.പി. ആദരിച്ചത്. റൈസ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്ക് മികച്ച് വിജയം കൈവരിക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കോച്ചിംഗ് ക്ലാസ്സുകൾക്ക് ഉടൻ തന്നെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നും എം.പി പറഞ്ഞു. എട്ടാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി തികച്ചും സൗജന്യമായാണ് ഈ മത്സരപ്പരീക്ഷാ പരിശീലനപദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനമായ എ.എൽ.എസും സ്പാർക്ക് കേരളയും ആണ് ഈ പരിപാടിയുടെ പരിശീലനത്തിന് വേണ്ട അക്കാഡമിക് സപ്പോർട്ട് നൽകുന്നതെന്നും എം.പി പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലതല ഉദ്ഘാടനം കദളിക്കാട് വിമല മാതാ സ്കൂളിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഡി .കെ. ടി .എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, യൂത്ത്കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്ത് അംഗം രതീഷ് മോഹനൻ, ഹെഡ്മിസ്ട്രസ് സി.അനിറ്റ് കൊച്ചുപുരക്കൽ, സി.ജോയ്‌സ് ചിറ്റാടി, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്, കോൺഗ്രസ് നേതാക്കന്മാരായ ജിന്റോ ടോമി, എം.ജി. ഷാജി, റോബി തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.