marine

കൊച്ചി: മറൈൻഡ്രൈവ് ഇനി പഴയ മറൈൻഡ്രൈവല്ല. നടന്നു ക്ഷീണിക്കുമ്പോൾ വിശ്രമിക്കാൻ 120 പുതിയ ഗ്രാനൈറ്റ് ഇരിപ്പിടങ്ങൾ, കുട്ടികൾക്കായി കളിയിടങ്ങൾ, നടപ്പു കൊണ്ടു മാത്രം തൃപ്തിയാകാത്തവർക്ക് വ്യായാമത്തിനായി ജിം, വീഥികളെ പ്രകാശമാനമാക്കി 201 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ, ചെടികളുടെ പച്ചപ്പ്, കാഴ്ചയുടെ വിരുന്നൊരുക്കി വിവിധ നിറങ്ങളിലുള്ള പൂക്കൾ, ചെടികൾക്ക് സംരക്ഷണ കവചങ്ങൾ, സി.സി.ടി.വി കാമറകൾ, ചവറുകുട്ടകൾ, എന്നിങ്ങനെ നീളുന്നു പുത്തൻ മറൈൻഡ്രൈവിന്റെ വിശേഷങ്ങൾ. നവീകരിച്ച മറൈൻഡ്രൈവ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാം മാർഗിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം .പി, ടി. ജെ. വിനോദ് എം.എൽ.എ, ഡി.സി.പി വി.യു. കുര്യാക്കോസ് വി.യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.അഷ്റഫ്, സുനിത ഡിക്സൺ, ഷീബാലാൽ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ആണ് മറൈൻഡ്രൈവ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഉദ്ഘാടന പരിപാടിക്ക് ശേഷം ഗായകൻ കെ.എം . ഉദയന്റെ നേതൃത്വത്തിൽ സംഗീതസന്ധ്യയും ഉണ്ടായിരുന്നു. കലാസാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഇടമായി മറൈൻഡ്രൈവിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സി.എസ്.എം.എൽ അധികൃതർ അറിയിച്ചു.