
തൃക്കാക്കര: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും തീപിടിത്ത ഭീഷണിയിൽ. ജില്ലയിലെ തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി, ആലുവ, കളമശ്ശേരി നഗരസഭകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. മുൻവർഷങ്ങളിൽ അഞ്ചോളംതവണ പ്ലാന്റിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടുത്തമുണ്ടായിട്ടുണ്ട്. അടിക്കടി തീപിടിത്തമുണ്ടാവുന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സ് പ്ലാന്റിന്റെ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ഫയർഫോഴ്‌സ് പലതവണ ജില്ലാ കളക്ടർക്കും കോർപ്പറേഷനും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അധികൃതർ അതൊന്നും കണ്ടമട്ടില്ല.
പ്ലാന്റിന്റെ ഒരുഭാഗം കാടുകയറിയ നിലയിലാണ്. മുൻവർഷങ്ങളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഒട്ടേറെ ആരോപണങ്ങൾ കോർപ്പറേഷന് നേരിടേണ്ടിവന്നു. കരാറുകാർ ഒത്തുകളിച്ച് തീയിട്ടതാണെന്ന ആരോപണങ്ങളെ തുടർന്ന് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും അതൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
 പാഠംപഠിക്കാതെ കോർപ്പറേഷൻ
ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായാൽ വേഗത്തിൽ പരിഹരിക്കാൻ അഗ്നിസുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഫയർ ഫോഴ്‌സ് മൂന്നുവർഷം മുമ്പ് നൽകിയ റിപ്പോർട്ടിൽ കോർപ്പറേഷൻ ഇതുവരെ നടപടി എടുത്തിട്ടില്ല. 15 ഏക്കറോളം വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കൂട്ടിയിട്ട മാലിന്യത്തിനിടയിലൂടെ ഫയർഫോഴ്സ് വാഹനം കൊണ്ടുപോകാൻ സൗകര്യം ഒരുക്കണമെന്നാണ് നിയമം. എന്നാൽ പലതവണ അപകടമുണ്ടായിട്ടും കോർപ്പറേഷൻ ശ്രദ്ധ ചെലുത്തുന്നില്ല. പ്ലാന്റിന്റെ സമീപത്തുകൂടിയാണ് കടമ്പ്രയാർ ഒഴുകുന്നത്. ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചാൽ കടമ്പ്രയാറിൽ നിന്ന് എളുപ്പത്തിൽ തീയണക്കാനാവുമെന്ന് ഫയർ ഫോഴ്‌സ് മൂന്നുവർഷം കൊച്ചി കോർപ്പറേഷനിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ബ്രഹ്‌മപുരം പ്ലാന്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിനശിച്ചിരുന്നു.
 പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല
ജില്ലയിലെ തൃപ്പൂണിത്തുറ, കൊച്ചി, ആലുവ, കളമശ്ശേരി നഗരസഭകളിൽ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പ്ലാന്റിൽ ഏക്കറുകണക്കിന് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിത്തമുണ്ടായിരുന്നു. എന്നാൽ, പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ലാഞ്ഞിട്ടും ദിവസേന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ എത്തുന്നത്. ഇവിടെ ദിവസേന എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് നഗരസഭയും കരാറുകാരും.
 ഫയലിൽ ഉറങ്ങി ഇൻഫോപാർക്ക് ഫയർ സ്റ്റേഷൻ
സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളായ സ്മാർട്ട് സിറ്റി -ഇൻഫോപാർക്ക് തുടങ്ങിയ പദ്ധതികളും അതിനെ ചുറ്റിപ്പറ്റി ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളും കാക്കനാട്ട് എത്തിയതോടെ കാക്കനാട് ഫയർ സ്റ്റേഷന് എല്ലായിടവും ഓടിയെത്താൻ സാധിക്കാത്ത അവസ്ഥയിലായി. ജീവനക്കാരുടെ കുറവും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുന്നു. ഇൻഫോപാർക്ക് ഫയർ സ്റ്റേഷൻ പദ്ധതി സർക്കാരിന്റെ പരിഗണനയിൽ ഇരിക്കാൻ തുടങ്ങിയിട്ട് ആറുവർഷമായി. എന്നാൽ സർക്കാർ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റും ഇൻഫോപാർക്കിന് വിളിപ്പാടകലെയാണ് ഉള്ളത്. ഇൻഫോപാർക്ക് ഫയർസ്റ്റേഷൻ ആരംഭിക്കാൻ സ്ഥലവും കെട്ടിടവും ഇൻഫോപാർക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സർക്കാർ അനാസ്ഥ മൂലം പദ്ധതി ചുവപ്പ് നാടയിലാണ്.