 
വൈപ്പിൻ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ക്ലാസിക്കൽ സിനിമകളുടെ പ്രദർശനത്തിന് തുടക്കമായി. ഞാറക്കൽ പി. കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം. വൈപ്പിൻ പ്രസ്സ് ക്ലബ്ബ് ഹാളിൽ സിനിമ സംവിധായകൻ ജിബു ജേക്കബ് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗാന്ധി ആയിരുന്നു ആദ്യ സിനിമ. ലൈബ്രറി പ്രസിഡന്റ് അനിൽ പ്ലാവിയൻസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്‌സി. അംഗം കെ. എസ്. രാധാകൃഷ്ണൻ, പ്രണത ബുക്‌സ് പ്രസാധകൻ ഷാജി ജോർജ്ജ്, ജോണി പറമ്പലോത്ത് എന്നിവർ സംസാരിച്ചു. എല്ലാ മാസത്തിന്റെയും രണ്ടാം ഞായറാഴ്ച വൈകിട്ട് 3.30 നായിരിക്കും സിനിമ പ്രദർശിപ്പിക്കുന്നത്. അംബേദ്കർ ആണ് അടുത്ത സിനിമ. ഹ്രസ്വ ചിത്രനിർമ്മാണ മത്സരം, നിർമ്മാണം, അഭിനയം, നിരൂപണം എന്നീ വിഷയങ്ങളിൽ ചർച്ചയും നടത്തും. ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ ഗാന്ധി സിനിമ പ്രദർശിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.