11

തൃക്കാക്കര: തൃക്കാക്കര നഗരസഭാ ഓഫീസിന് സമീപത്തെ വളവിൽ അപകടം പതിയിരിക്കുന്നു. കാക്കനാട്- എറണാകുളം പ്രധാനറോഡിലെ വളവിലാണ് അപകടങ്ങൾ പെരുകുന്നത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ കാഴ്ചയാണ്. ഇന്നലെ കാർ നിയന്ത്രണംവിട്ട് പത്ത് ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തകർത്തിരുന്നു.

കാക്കനാട് നിന്നും വരുന്ന വാഹനം തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് തിരിയണമെങ്കിൽ ഈ വഴവ് കഴിയണം. മാസങ്ങൾക്കുമുമ്പ് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മീഡിയനുകൾ ഇല്ലാത്തതിനാൽ ഓവർടേക്കിംഗും അമിതവേഗവും വർദ്ധിച്ചിട്ടുണ്ട്. വാഹനങ്ങൾ തോന്നിയപോലെ വശങ്ങളിലേക്ക് തിരിയുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. തിരക്കേറിയ ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും കഴിയുന്നില്ല. പ്രദേശത്ത് മീഡിയനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.