കാലടി : കാലടിയെ അറിവിന്റെ കൈമാറ്റവേദിയാക്കിക്കൊണ്ട് എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്നുവരുന്ന ബുധസംഗമം സാംസ്‌കാരിക കൂട്ടായ്മ 700-ാം വാരത്തിലേക്ക്. കൊവിഡ് മഹാമാരിയിൽ ഓൺലൈനായും നടന്നുവന്നിരുന്നു. 700-ാം വാരാഘോഷം ഗാനസന്ധ്യ, പ്രഭാഷണം, ശാസ്ത്രപുസ്തക ചര്‍ച്ച, കവി സംഗമം തുടങ്ങിയ പരിപാടികളോടെ ജനുവരി 11മുതൽ14 വരെ നടക്കും.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് , ശ്രീശങ്കരൻ, നാഗാർജുനൻ, പ്രച്ഛന്ന ബുദ്ധൻ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി സാബു അദ്ധ്യക്ഷനാകും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ ഷാജി, ഡോ. എസ്. ഷീബ രഞ്ജൻ വേലിക്കത്തറ, ഡോ. അജയ് ശേഖർ, പി.ആർ. രഘു എന്നിവർ സംസാരിക്കും. കാലടി സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നും വിരമിച്ച ഡോ. ധർമ്മരാജ് അടാട്ടിനെ യോഗത്തിൽ ആദരിക്കും. നാളെ(12) നടക്കുന്ന ഗാനസന്ധ്യ യുവസിനിമാ സംവിധായകൻ ഡോ. സിജു ജവഹർ ഉദ്ഘാടനം ചെയ്യും. 13 ന് കൂടൽ ശോഭൻ, മനുഷ്യചിന്തയെ മാറ്റിമറിച്ച മനീഷികൾ എന്ന പുസ്തകം പരിചയപ്പെടുത്തും. 14 ന് കവിസംഗമത്ൽ 15 കവികൾ കവിതകൾ അവതരിപ്പിക്കും.