പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ ആൽക്കവലയിൽ 30വർഷം പഴക്കമുള്ള ആൽമരം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയുടെ നേതൃത്വത്തിൽ തറകെട്ടി സംരക്ഷിക്കുന്നു. നാലഞ്ചുവർഷമായി ഈ ആവശ്യമുന്നയിച്ച് ഒക്കൽപൗരസമിതിയും നാട്ടുകാരും നിവേദനങ്ങൾ നൽകിയിരുന്നു. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്കും താന്നിപ്പുഴയിലേക്കും ഈസ്റ്റ് ഒക്കൽ പള്ളിയിലേക്കും നിരവധി വിദ്യാർത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്ന വഴിയിലാണ് ഈ ആൽമരം. നാട്ടുകാർ മാലിന്യം തള്ളാനിടമായി ഇവിടം കണ്ടെത്തിയിരുന്നു. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഒക്കൽ പഞ്ചായത്തിലെ വികസനങ്ങളുടെ നാഴികക്കല്ലാണ് ഇതുപോലുള്ള വൃക്ഷസംരക്ഷണമെന്ന് ഒക്കൽ പഞ്ചായത്ത് പൗരസമിതി പ്രസിഡന്റ് സുരേഷ് വി.പി. അഭിപ്രായപ്പെട്ടു. 16 വാർഡുകളിലെയും വഴിയരികിലെ വൃക്ഷങ്ങൾ ഇത്തപോലെ സുരക്ഷിക്കപ്പെടണമെന്ന് അഭ്യർത്ഥിച്ച് നിവേദനം നൽകുമെന്ന് പൗരസമിതി നേതാക്കൾ പറഞ്ഞു.