fire
ചെങ്ങമനാട് കുണ്ടൂർ വീട്ടിൽ ലളിത രാജന്റെ വീടിനടുത്തെ പറമ്പിൽ മാലിന്യകൂനയിൽ നിന്നുണ്ടായ തീയിൽ ടെമ്പോട്രാവലറും ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായ നിലയിൽ

നെടുമ്പാശേരി: പറമ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ തീപടർന്ന് സമീപത്തെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും അഗ്നിക്കിരയായി. ചെങ്ങമനാട് കുണ്ടൂർ വീട്ടിൽ ലളിത രാജന്റെ വീടിനടുത്തെ പറമ്പിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ടെമ്പോട്രാവലറും സ്‌കൂട്ടറും സൈക്കിളും മരഉരുപ്പടികളും നശിച്ചിട്ടുണ്ട്. രാവിലെ ജോലിക്കാരിയെത്തെി കരിയിലയും മറ്റും കൂട്ടിയിട്ട് കത്തിക്കുകയുണ്ടായി. ഉച്ചയോടെ അണയാതിരുന്ന തീ ആളിപ്പടർന്ന് മരഉരുപ്പടികളിലും ടയറുകളിലും കത്തിക്കയറി. സ്‌കൂട്ടറിന്റെ ഇന്ധന ടാങ്കിനും തീപിടിച്ച് പൊട്ടിത്തെറിച്ചതോടെയാണ് ടെമ്പോവാനിൽ തീപിടിച്ചത്. ഷെഡിനും തീപിടിച്ചു. സമീപത്തെ വീടുകളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പറമ്പിൽ നിന്ന് ഏറെ മാറിയാണ് വീട്. അപകട സമയത്ത് ലളിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീപടർന്ന് പിടിക്കുന്നത് ജോലിക്കാരിയുടെയും ശ്രദ്ധയിൽപ്പെട്ടില്ല. തീപിടിത്തം കാണാനിടയായ സമീപവാസികൾ ഓടിക്കൂടി തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അങ്കമാലി അഗ്നി രക്ഷാസേനയത്തെിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങമനാട് എസ്.ഐ ഷാജി എസ്. നായരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തത്തെി. നാശനഷ്ടം വിലയിരുത്തിയിട്ടില്ല. അസി. സ്റ്റേഷൻ ഓഫീസർ എൻ. ജിജി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി.വി. പൗലോസ്, ഫയർഓഫീസർമാരായ ഷൈൻ ജോസ്, രജി എസ്. വാര്യർ, അനിൽ മോഹൻ, ഹരി, രാഹുൽ, സച്ചിൻ, ഡ്രൈവർമാരായ സുധി, ബൈജു എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.