hc

കൊച്ചി: ശബരിമലയിലെ വെർച്വൽക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏറ്റെടുക്കാനാകുമോയെന്ന് ഹൈക്കോടതി. കോടതി നിർദ്ദേശിച്ചാൽ ഏറ്റെടുക്കാമെന്ന് ബോർഡ്. പൊലീസിൽ നിന്ന് വെർച്വൽ ക്യൂ ഏറ്റെടുത്ത് ദേവസ്വം ബോർഡിന് കൈമാറണമെന്നും ദർശനത്തിന് കൂപ്പൺ എടുക്കുന്ന ഭക്തർ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കണമെന്നുമുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ശബരിമല ഭൂമിയുടെ പ്രത്യേകത കാരണം തിരക്കു നിയന്ത്രിക്കാൻ പൊലീസിനേ കഴിയൂവെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. ബോർഡിന് ഇതിനുള്ള സന്നാഹമില്ല. ഗുരുവായൂർ ഉൾപ്പെടെയുള്ള മറ്റു ക്ഷേത്രങ്ങളിൽ ഭക്തർക്ക് ക്ഷേത്രത്തിന് അടുത്തുവരെ വാഹനങ്ങളിൽ ചെല്ലാം. ശബരിമലയിൽ അതല്ല സ്ഥിതിയെന്നും, വെർച്വൽ ക്യൂ ഏറ്റെടുക്കുന്നതിലെ വെല്ലുവിളികൾ വ്യക്തമാക്കി ബോർഡിന്റെ അഭിഭാഷകൻ പറഞ്ഞു. 2018 മുതൽ ദർശനം ബുക്ക് ചെയ്യുന്നവരുടെ സ്വകാര്യതാ സംരക്ഷണത്തിന് മുൻകരുതലെടുത്തിട്ടുണ്ടെന്ന് സംവിധാനത്തിന്റെ നിയന്ത്രണച്ചുമതലയുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് വിശദീകരിച്ചു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.