കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതിയുൾപ്പെടെ പത്ത് കെ.എസ്.യു പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു. ഇവരിൽ തലയ്ക്ക് പരിക്കേറ്റ അമൽ ടോമി (കെ.എസ്.യു), അഖിൽ ബാബു (എസ്.എഫ്.ഐ) എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് സംഭവം. പ്രകടനത്തിനിടെ എസ്.എഫ്.ഐ. പ്രവർത്തകരും കെ.എസ്.യു. പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
കെ.എസ്.യു പ്രവർത്തകരായ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി നിയാസ്, മൂന്നാം വർഷ മലയാളം വിദ്യാർത്ഥികളായ ഹിരൺ മോഹൻ, അന്ന ഷൈജു, അമൽ ടോമി, മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി അജ്മൽ അലി, മൂന്നാം വർഷ ഇക്കണോമിക്‌സ് വിദ്യാർത്ഥി ജവാദ്, രണ്ടാം വർഷ മലയാളം വിദ്യാർത്ഥികളായ റോബിൻസൺ, ബേസിൽ ജോർജ്, മൂന്നാം വർഷ സംസ്‌കൃതം വിദ്യാർത്ഥി ഹരികൃഷ്ണൻ, രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ഫയാസ്, എസ്.എഫ്.ഐ പ്രവർത്തകനായ രണ്ടാം വർഷ വിദ്യാർത്ഥി അഖിൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്.
അമൽ ടോമിയുടെ തലയ്ക്കും പുറത്തും മർദ്ദനമേറ്റിട്ടുണ്ട്. അഖിൽ ബാബുവിന്റെ തലയ്ക്ക് പിന്നിലാണ് അടിയേറ്റത്. കരാട്ടേ അഭ്യാസികൾ ഉപയോഗിക്കുന്ന നഞ്ചക്ക് വച്ചാണ് അഖിലിനെ മർദ്ദിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. പൊലീസ് കാമ്പസിലെത്തിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും സമീപത്തെ ലാ കോളേജിലും പൊലീസ് കാവൽ ഏർപ്പെടുത്തി.
കെ.എസ്.യു പറയുന്നത്
യാതൊരു പ്രകോപനവും കൂടാതെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമം അഴിച്ചുവിടുകയായിരുന്നു. രണ്ടാം വർഷ എം.എ വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് ഇറക്കി അദ്ധ്യാപികയുടെ മുന്നിലിട്ട് മർദ്ദിച്ചു. കെ.എസ്.യു പ്രവർത്തകയ്ക്കും മർദ്ദനമേറ്റു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
എസ്.എഫ്.ഐ പറയുന്നത്
ധീരജിനെ കുത്തിക്കൊന്ന സംഭവത്തിൽ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനത്തിന് വിദ്യാർത്ഥികളെ വിളിച്ചുകൂട്ടുന്നതിനിടെ കെ.എസ്.യു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. കരാട്ടെ അഭ്യാസിയായ കെ.എസ്.യു പ്രവർത്തകൻ നഞ്ചക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.