 
മൂവാറ്റുപുഴ: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുകൽ ജനകീയമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ 1000 റേഷൻകടകളിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കും. സൂപ്പർമാർക്കറ്റുകൾക്ക് സമാനമായ വിധത്തിലാകും റേഷൻകടകൾ ഒരുക്കുക. രണ്ടുമാസത്തെ റേഷൻ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങൾ റേഷൻകടകളിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ മാവേലിസ്റ്റോറുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവില്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ, വൈസ് പ്രസിഡന്റ് സാബു പൊതൂർ, ബെസ്റ്റിൻ ചേറ്റൂർ, ഷീജ അജി, ജിജു ഓണാട്ട്, ലസിത മോഹനൻ, സിബി കുര്യാക്കോ, കെ.ജി.സത്യൻ, എൽ. മിനി എന്നിവർ പ്രസംഗിച്ചു.