തൃക്കാക്കര: സ്‌മാർട്ട്സിറ്റി ഉൾപ്പെടെയുളള വൻ പദ്ധതികൾ വരുന്നത് മുൻനിർത്തി കാക്കനാട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്, മുൻസിപ്പൽ സ്റ്റേഡിയം എന്നീ പദ്ധതികൾക്ക് പുതുജീവൻ. പതിറ്റാണ്ടുകളായി ഫയലിൽ ഉറങ്ങിയ പദ്ധതി വേഗത്തിലാക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

ഇതിന്റെ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഊരാളുങ്കലിനെ ചുമതലപ്പെടുത്തി. രണ്ടുപദ്ധതികൾക്കും കുടി രണ്ടുമാസമെടുക്കും റിപ്പോർട്ട് തയ്യാറാക്കാനെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. മുൻ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്, മുൻസിപ്പൽ ഗ്രൗണ്ട് എന്നിവയ്ക്ക് സമഗ്ര പദ്ധതി ആവിഷ്കരിച്ചത്.
ദീർഘദൂര ബസുകൾക്ക് ഉൾപ്പെടെ പ്രവേശിക്കാനും ഹാൾട്ട് ചെയ്യാനും സൗകര്യം ഒരുക്കും വിധമാണ് പദ്ധതി നടപ്പിലാക്കുന്നത്. എൽ മാതൃകയിലാണ് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം. നിലവിലെ കച്ചവടക്കാരെ ഒഴിപ്പിക്കാതെ പദ്ധതിക്ക് രൂപം നൽകാനാണ് ഭരണ സമിതിയുടെ തീരുമാനം. സീപോർട്ട് എയർപോർട്ട് റോഡിനോടു ചേർന്നു കിടക്കുന്ന പ്രദേശത്താണു ബസ് ടെർമിനൽ വരുന്നതെന്നതിനാൽ അന്തർ ജില്ലാ ബസ് സർവീസുകൾക്കും ഇവിടെ കേന്ദ്രീകരിക്കാനാകുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് നിലവിൽ കാക്കനാട് വഴി കടന്നു പോകുന്ന ബസുകൾക്കും ഇവിടം ഇടത്താവളമാക്കാൻ ലക്ഷ്യമുണ്ടായിരുന്നു. സീപോർട്ട് എയർപോർട്ട് റോഡ് നെടുമ്പാശേരി വരെ നീട്ടുന്നതോടെ കാക്കനാട് ബസ് ടെർമിനലിന്റെ സാദ്ധ്യത വർദ്ധിക്കുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. ഇപ്പോൾ കലൂർ ബസ് സ്റ്റാൻഡിലെത്തുന്ന ബസുകൾ കാക്കനാട് വരെ നീട്ടുന്ന കാര്യം നേരത്തെ തന്നെ ആർ.ടി.എ അധികൃതരുടെ പരിഗണനയിലുണ്ട്.