
തൃക്കാക്കര: സുരക്ഷിതമായി ലഹരി ഉപയോഗത്തിനൊരിടമായി മാറിയിരിക്കുകയാണ് മുൻസിപ്പൽ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം. കെട്ടിടത്തിന് ഇരുവശവും റോഡുള്ളതിനാൽ പൊലീസ് വന്നാൽ എളുപ്പത്തിൽ രക്ഷപ്പെടാമെന്നതിനാൽ രാവും പകലും സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കുകയാണ്. മൂന്നരക്കോടി മുടക്കി നിർമ്മിച്ച കെട്ടിടമാണിത്. 9,000 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. മുൻ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ഉദ്ഘാടനം നടത്തിയതെങ്കിലും,കെട്ടിടത്തിന്റെ ലേല നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ മാസം സാമൂഹ്യ വിരുദ്ധർ കോംപ്ളക്സിന്റെ ചില്ലുകൾ എറിഞ്ഞുതകർത്തിരുന്നു. നഗരസഭാ എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
മലയാളികൾ മാത്രമല്ല,അന്യസംസ്ഥാനക്കാരും ഇവിടെയെത്തുന്നുണ്ടെന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നു. ക്രിമിനൽ സംഘങ്ങളുടെ സുരക്ഷിത കേന്ദ്രമായി കെട്ടിടം മാറിക്കഴിഞ്ഞു.പുതിയ ഭരണ സമതി അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ടിട്ടും കെട്ടിടം ലേലം ചെയ്യാൻ തയാറായിട്ടില്ല.
പുനരധിവാസം: 
നിർമ്മാണം ധൃതഗതിയിൽ
പഴയ മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്നവർക്ക് പുനരധിവാസം ഒരുക്കുന്നതിന്റെ ഭാഗമായി കെട്ടിട നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മത്സ്യം, മാംസം, പച്ചക്കറി കച്ചവടം നടത്തിയിരുന്ന 16 പേർക്ക് മാർക്കറ്റിന്റെ കിഴക്ക് 15 ലക്ഷത്തിനാണ് സ്റ്റാൾ നിർമ്മിക്കുന്നത്. ബയോ ടോക്കിനെ ഗ്യാസ് പ്ലാന്റുള്ള സ്ഥലത്താണ് പുനരധിവാസത്തിന് സൗകര്യമൊരുക്കുന്നത്.
പദ്ധതി ഇങ്ങനെ
 പൊതുമാർക്കറ്റിലെ കടമുറികളിൽ പ്രധാനമായും ചിക്കൻ, പലചരക്ക്, പച്ചക്കറി കച്ചവടക്കാർക്കായാണ് ഒരുക്കിയിരിക്കുന്നത്.
നാലു നിലകളുള്ള ഷോപ്പിംഗ് കോംപ്ളക്‌സിന്റെ താഴെഭാഗം പാർക്കിംഗ്
 രണ്ടുമുതൽ നാല് വരെയുളള നിലകളിൽ സൂപ്പർ മാർക്കറ്റുകൾ
 മറ്റ് വ്യാപാര സ്ഥാപനങ്ങൾ,ഓഫീസുകൾ, ബാങ്കുകൾ
 മാലിന്യസംസ്കരണ പ്ലാന്റിരിക്കുന്ന സ്ഥലം മത്സ്യമാംസക്കച്ചവടത്തിന്
ഉടൻ ലേലം ചെയ്യും
പഴയ മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്ന മത്സ്യം-മാംസം- പച്ചക്കറി കച്ചവടക്കാരുടെ പുനരധിവാസത്തിനുളള സ്റ്റാളുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ വൈകിയതാണ് മുൻസിപ്പൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ലേലം ചെയ്യാൻ സാധിക്കാത്തത്. സ്റ്റാൾ നിർമ്മാണം ഉടൻ പൂർത്തിയാവും. കാക്കനാട് പള്ളിക്കര റോഡരുകിൽ കച്ചവടം നടത്തുന്ന അർഹരായവരെ കണ്ടെത്തി പുനരധിവസിപ്പിക്കും.
വി.ഡി സുരേഷ്
വാർഡ് കൗൺസിലർ