freefire

കൊച്ചി: സ്‌മാ‌ർട്ട് ഫോണിൽ ഗെയിം കളിക്കുകയാണെന്നേ തോന്നൂ, സംസാരവും രീതിയും അങ്ങനെതന്നെ. പക്ഷേ, നടക്കുന്നത് ഹൈടെക്ക് ലഹരിക്കച്ചവടം! ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലൂടെയുള്ള ലഹരി ഇടപാടുകളിൽ പൊലീസ് കണ്ണുവച്ചതോടെ ഹൈടെക്ക് തന്ത്രം പയറ്റുകയാണ് ലഹരിമാഫിയ. ഫ്രീഫയർ എന്ന വെടിവയ്‌പ് ഗെയിംമിലെ വോയ്സ് മെസേജ് ചാറ്രിലൂടെയാണ് ആശയവിനിമയം. പെട്ടെന്ന് തിരിച്ചറിയില്ലെന്നതാണ് കാരണം. ലഹരിക്ക് അടിപ്പെട്ട് ഡി അഡിക്ഷൻ സെന്ററിലെത്തിയ യുവാവിൽ നിന്നാണ് ഈ തന്ത്രം ബന്ധപ്പെട്ടവർ അറിഞ്ഞത്. മറ്റ് കുറ്റകൃത്യങ്ങളും ഇതിലൂടെ ആസൂത്രണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു.

 ഗെയിമിന്റെ ഗുണം

• വോയ്സ് വീണ്ടെടുക്കാൻ കഴിയില്ല

• ചാറ്റും വീണ്ടെടുക്കൽ പ്രയാസം

• ഒപ്പം കളിച്ചയാളെ കണ്ടെത്താനാവില്ല

• ഒന്നിലധികം പേരുമായി സംസാരിക്കാം

• അന്വേഷണ ഏജൻസികൾ തിരിച്ചറിയില്ല

• വീട്ടുകാർക്കും സംശയം തോന്നില്ല

 ഇടപാട് രീതി

ഒന്നിലധികം പേ‌ർക്ക് ഒരേസമയം കളിക്കാവുന്ന ഗെയിമാണ് ഫ്രീഫയ‌ർ. ഒരു ടീമിന് പ്രത്യേകം ഗ്രൂപ്പ് (ക്ലോസ്ഡ് ഗ്രൂപ്പ് ) ഒരുക്കി കളിക്കാം. സംഭാഷണം ഗ്രൂപ്പ് അംഗങ്ങളിൽ മാത്രം ഒതുങ്ങും. ഇതാണ് ലഹരി സംഘങ്ങളുടെ തുറുപ്പു ചീട്ട്. ലഹരിമരുന്ന് ആ‌ർക്ക് കൈമാറണം, പണം എത്ര വാങ്ങണം എന്നെല്ലാം ഇതിലൂടെ പറഞ്ഞുറപ്പിക്കും.

 ഫ്രീഫയർ ഗെയിം?

സിംഗപ്പൂർ ആസ്ഥാനമായ ഗരേന വീഡിയോ കമ്പനി 2019ലാണ് ബാറ്റിൽ റോയൽ ഗെയിം വിഭാഗത്തിൽ ഫ്രീഫയർ പുറത്തിറക്കിയത്. പബ്‌ജി നിരോധിച്ചതോടെ ഫ്രീഫയറിന് യുവാക്കൾക്കിടയിൽ വൻ സ്വീകര്യതയേറി. ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഫ്രീഫയർ ഉപയോഗിക്കുന്നത്. ലഹരി ഇടപാട് നടത്തുന്നവരിലേറെയും ചെറുപ്പക്കാർ തന്നെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് ഫ്രീഫയ‌‌‌ർ അടക്കമുള്ള ഗെയിമുകൾ വഴിയുള്ള ലഹരി ഇടപാട് പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.

'ഗെയിമുകളിലെ ചാറ്റ് ഒരു പരിധിവരെ വീണ്ടെടുക്കാൻ സാധിക്കുമെങ്കിലും വോയ്സ് മെസേജ് തിരിച്ചെടുക്കാൻ സാധിക്കില്ല. ഇതിലൂടെ എന്ത് കുറ്റകൃത്യവും ആസൂത്രണം ചെയ്യാം. സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയാൽ ഇത്തരം മാർഗങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനാകും".

- അഡ്വ. ജിയാസ് ജമാൽ,

സൈബർ സെക്യൂരിറ്റി നിയമ വിദഗ്ദ്ധൻ