കളമശേരി: കൗൺസിൽ യോഗത്തിന്റെ മിനുട്സ് നൽകുന്നില്ലെന്നും ഏകപക്ഷീയമായി അജണ്ട പാസാക്കിയെന്നാരോപിച്ച് കൗൺസിലിൽ പ്രതിപക്ഷം ബഹളം വയ്ക്കുകയും ചെയർപേഴ്സനെ ഉപരോധിക്കുകയും ചെയ്തതിന് പിന്നാലെ ചെയർ പേഴ്സൺ സീമാ കണ്ണന്റെ അദ്ധ്യക്ഷതയിൽ അജണ്ട ഇരുപക്ഷവും ചേർന്ന് പാസാക്കി.
പൈപ്പ് ലൈൻ റോഡിൽ തോഷിബ ജംഗ്‌ഷൻ മുതൽ പ്രിയം കാറ്ററിംഗ് റോഡ് ബൈ ലെയിൻ വരെ ഇരുവശവും ഉയർത്തി കോൺക്രീറ്റ് ഫില്ലിംഗ്, ജി.എസ്.ബി ഫില്ലിംഗ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് തീരുമാനമായി. ആനക്കുളം റോഡ് ഫോർമേഷന്റെ മെറ്റലിംഗ്, ടാറിംഗ്, ഇന്റർലോക്ക് കട്ട വിരിക്കൽ, സ്പ്രിംഗ് വാലി റോഡ് മെറ്റലിംഗ് ടാറിംഗ് നടത്തും.
നഗരസഭ പരിധിയിൽ അനധികൃതമായ് സ്ഥാപിച്ചിട്ടുള്ള കൊടികൾ, കൊടിമരങ്ങൾ നീക്കം ചെയ്യും. ചിൽഡ്രൻസ് സയൻസ് പാർക്കിന് സമീപത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന സമുച്ചയം നിർമ്മിക്കുന്നതിന് ലാൻഡെക് എൻജിനിയേഴ്സിന് അനുമതി.
18-ാം വാർഡിലെ തച്ചം വേലി മല പൊതു റോഡിന്റെ വശം തകർന്ന് 36 അടിയോളം താഴ്ന്നത് അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിക്കും. 46, 00000 ലക്ഷം രൂപ അടങ്കൽ വരുന്നതാണെന്ന് എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട്. തൃക്കാക്കര നോർത്ത് വില്ലേജിൽ മൊബൈൽ ടവറിന് അനുമതി നൽകി. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നി ലിസ്റ്റുകളും കൗൺസിൽ യോഗത്തിൽ അംഗീകരിച്ചു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് മണ്ണിടിഞ്ഞ് റോഡിനുണ്ടാകുന്ന നാശത്തിന് നഗരസഭയുടെ പണം ചെലവഴിച്ച് പ്രോത്സാഹിപ്പിക്കരുതെന്ന് ബി.ജെ.പി.കൗൺസിലർ പ്രമോദ് തൃക്കാക്കര കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.