pareed

കിഴക്കമ്പലം: ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ കോതമംഗലം പോത്താനിക്കാട് മാവുടി പരീത് (അപ്പക്കൽ പരീത് - 56) കുന്നത്തുനാട് പൊലീസിന്റെ പിടിയിലായി. വിവിധയിടങ്ങളിലായി

എഴുപത്തഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. കഴിഞ്ഞ നവംബറിൽ നെല്ലാട് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് പിടിയിലായത്. പട്ടിമ​റ്റം എരപ്പുംപാറ ഏറംകുളം ശ്രീമഹാദേവക്ഷേത്രം, വെങ്ങോല പൂനൂർ ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

പകൽസമയം കറങ്ങിനടന്ന് അമ്പലങ്ങൾ കണ്ടുവച്ച ശേഷം രാത്രി അവസാന ബസ്സിൽ അവിടെയെത്തും. തുടർന്ന് സമീപത്തുള്ള കു​റ്റിക്കാട്ടിലോ റബ്ബർതോട്ടത്തിലോ ഒളിച്ചിരുന്നശേഷം പുലർച്ചെ മോഷണം നടത്തി ആദ്യ ബസിന് തിരിച്ചു പോവുകയാണ് രീതി. അഞ്ച് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 നവംബറിലാണ് വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എ.എസ്.പി അനൂജ് പലിവാൽ, എസ്.എച്ച്.ഒ വി.എം. കെഴ്‌സൻ, എസ്.ഐ എം.പി. എബി, എ.എസ്. ഐ കെ.കെ. സുരേഷ് കുമാർ, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൾ മനാഫ്, ടി.എ. അഫ്‌സൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.