
തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ പുതിക്കി പണിയാൻ വേണ്ടി പൊളിച്ച അന്ധകാരത്തോട് പാലത്തിന്റെ സമീപം കോളനി ഭാഗം റോഡിൽ മാലിന്യങ്ങൾ കുന്നുക്കൂടുന്നത് പതിവാകുന്നു. സാമൂഹ്യ വിരുദ്ധർ പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. പൊയ്ന്തറ കോളനി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് മാലിന്യങ്ങൾ തള്ളുന്നത്. ഈ ഭാഗത്ത് കോളനിക്കാർ ഉൾപ്പടെ 150 ഓളം വീട്ടുകാർ താമസിക്കുന്നുണ്ട്.
കൃത്യമായി മാലിന്യ നീക്കം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മാലിന്യങ്ങൾ റോഡിലേക്ക് വീണു കിടക്കുന്നതോടെ കാൽനടയാത്രയും ദുസഹമാണ്.
പക്ഷികളും നായകളും മാലിന്യങ്ങൾ കൊത്തിവലിച്ച് റോഡുകളിൽ കൊണ്ടുവന്നിടുന്നത് പതിവാണ്. നിലവിൽ മാലിന്യങ്ങൾ കൂടുന്ന മുറയ്ക്ക് അവിടെ തന്നെ തീയിട്ട് നശിപ്പിക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവ കത്തുമ്പോൾ ഉണ്ടാകുന്ന രൂക്ഷഗന്ധം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്നു. മാലിന്യം റോഡിൽ ഇടുന്നവർക്കെതിരെ നഗരസഭ പിഴ ഈടാക്കുമെന്ന് പറയുമ്പോഴും പ്രദേശത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങൾ അധിതൃതർക്ക് കണ്ട ഭാവമില്ല. മാലിന്യങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.