കൊച്ചി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഇനി രാജ്യത്തെ ആദ്യ സാനിറ്ററി ഫ്രീ പഞ്ചായത്താകും. ഇതിന്റെ പ്രഖ്യാപനം നാളെ (13) രാവിലെ 11ന് കുമ്പളങ്ങി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ മെൻസ്ട്ര്വൽ കപ്പുകളുടെ ബോധവത്കരണവും വിതരണവുമായി ബന്ധപ്പെട്ട് 'അവൾക്കായി" എന്നപേരിൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. എച്ച്.എൽ.എൽ മാനേജ്മെന്റ് അക്കാഡമിയുടെ തിങ്കൾ പദ്ധതിയും ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാന മന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിയിൽപ്പെടുത്തിയാണ് അവൾക്കായി പദ്ധതി നടപ്പിലാക്കുന്നത്.
ആർത്തവ ശുചിത്വ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയെപ്പറ്റി ആലോചിച്ചതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. 18 വയസിന് മുകളിൽ ഉള്ളവർക്കാണ് മെൻസ്ട്ര്വൽ കപ്പുകൾ വിതരണം ചെയ്യുന്നത്. ഓരോ വാർഡിലും കൃത്യമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചാണ് വിതരണം ചെയ്യുന്നത്. നിലവിൽ 5700 കപ്പുകളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്. ഉയർന്നവിലയും ഉത്പന്നത്തെക്കുറിച്ച് ശരിയായ ബോധം ഇല്ലാത്തതും കടകളിൽ വ്യാപകമായി ലഭ്യമല്ലാത്തതുമാണ് ആർത്തവ കപ്പുകൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരിക്കാനുള്ള കാരണം.
 പദ്ധതി വ്യാപിപ്പിക്കും
അംഗീകൃത മെഡിക്കൽ ഗ്രേഡ് സിലിക്ക മെറ്റീരിയിൽ ഉപയോഗിച്ചാണ് തിങ്കൾ ആർത്തവ കപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് അഞ്ചുവർഷം വരെ പുനരുപയോഗിക്കാം. ബെല്ല് ആകൃതിയിലുള്ള ആർത്തവക്കപ്പുകൾ എളുപ്പത്തിൽ വഴങ്ങുന്ന തരത്തിലുള്ളതാണ്. ആർത്തവകാലത്ത് 6 മുതൽ 12 മണിക്കൂറിനിടയിൽ കപ്പിലെ രക്തം നീക്കം ചെയ്യണം. ഒരു ആർത്തവകാലം അവസാനിക്കുമ്പോൾ കപ്പ് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് അണുവിമുക്തമാക്കാം. കുമ്പളങ്ങി കൂടാതെ പാർലമെന്റ് മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ക്രിയാത്മകമായ രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്നും ബൈബി ഈഡൻ എം.പി അറിയിച്ചു.