algd-congress-uparodham
കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റി മുപ്പത്തടം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു

ആലങ്ങാട്: ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിൽ രൂക്ഷമായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തടം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. വേനലിന് മുന്നേതന്നെ ജലദൗർലഭ്യം വ്യാപകമായി. മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നുള്ള പഴക്കംചെന്ന കുടിവെള്ള പൈപ്പുകൾ അടിക്കടി തകരുന്നതിനാൽ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമാണ്. വിതരണം ചെയ്യുന്ന കുടിവെള്ളംതന്നെ അപര്യാപ്തമാകുമ്പോഴാണ് പൈപ്പുതകർന്ന് പാഴാകുന്നത്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവ് അടിയന്തരമായി ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആലങ്ങാട് പഞ്ചായത്തംഗം വി.ബി. ജബ്ബാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

പി.കെ. സുരേഷ്ബാബു, പി.എസ്. സുബൈർഖാൻ, ഗിർവാസീസ് മനാടൻ, സന്തോഷ് പി. അഗസ്റ്റിൻ, എം.പി. റഷീദ്, എ.എം. അബ്ദുൽ സലാം, പി.വി. മോഹനൻ, സാബു പണിക്കാശേരി, പി.എസ്. അനിൽ, മുഹമ്മദ് നിലയത്ത്, സലാം വേഴാപ്പിള്ളി, ജോഷി പേരേപ്പറമ്പ്, സലാം ചീരൻകുഴി തുടങ്ങിയവർ പ്രസംഗിച്ചു.