വൈപ്പിൻ: ജില്ലയിലെ ഏറ്റവും വലിയ പൂരമെന്ന് വിശേഷിക്കപ്പെടുന്ന ചെറായി പൂരത്തിന് വർങ്ങളായിട്ടുള്ള കീഴ്‌വഴക്കം മറികടന്ന് ഇത്തവണ കൊടിയേറ്റിയത് സന്യാസിവര്യൻ. തന്ത്രിയാണ് സാധാരണ കൊടിയേറ്റുന്നത്. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവ്വഹിച്ച ഗൗരീശ്വര ക്ഷേത്രത്തിന്റെ താന്ത്രികാവകാശം ശിവഗിരി മഠത്തിനാണ്. ഇത്തവണത്തെ കൊടിയേറ്റം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിന്ദാനന്ദയെക്കൊണ്ട് നിർവ്വഹിപ്പിച്ചതിൽ അസാധാരണമായൊന്നുമില്ലെന്നാണ് ക്ഷേത്രഭാരവാഹികളുടെ നിലപാട്. ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെയാണ് സ്വാമി കൊടിയേറ്റിയത്.
ചെറായി പൂരത്തിന് 33 ആനകളെവരെ എഴുന്നള്ളിപ്പിച്ചിട്ടുള്ളതാണ്. ആന പരിപാലനനിയമം കർശനമായതോടെ കുറച്ചുവർഷങ്ങളായി 15 ആനകളെമാത്രമാണ് അണിനിരത്താറുള്ളത്. കഴിഞ്ഞ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തിടമ്പേറ്റുന്ന രണ്ടാനകൾക്ക് മാത്രമാണ് എഴുന്നള്ളിപ്പിൽ അനുവാദം ലഭിച്ചത്. ഇത്തവണ ഇളവുകൾ വന്നതിനാൽ ഈ പ്രാവശ്യം 9 ആനകളെ എഴുന്നുള്ളിക്കാമെന്നതായിരുന്നു ക്ഷേത്രഭാരവാഹികളുടെ പ്രതീക്ഷ. അതനുസരിച്ച് ആനകളെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സംസ്ഥാനം ഒമിക്രോൺ ഭീതിയിലായതോടെ വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്കയിലാണ് ക്ഷേത്രഭാരവാഹികളും പൂരപ്രേമികളും.
തെക്കുവടക്ക് ചേരുവാരങ്ങളുടെ നേതൃത്വത്തിൽ ആനത്തലപ്പൊക്കമത്സരവും സംസ്ഥാനത്തെ ഏറ്റവും പൊക്കമുള്ള ആനകളെ അണിനിരത്തലും രാത്രിയിലെ വാശിയോടെയുള്ള വെടിക്കെട്ടുമൊക്കെയായി ചെറായി പൂരം ഏറെ പ്രശസ്തമായിരുന്നു. നിയന്ത്രണങ്ങൾ വന്നതോടെ ചേരുവാരങ്ങളോ തലപ്പൊക്കമത്സരമോ വെടിക്കെട്ടോ ഇത്തവണയില്ല.