കൊച്ചി: മുണ്ടംവേലി ഭവനപദ്ധതി നിർമ്മാണ അവലോകനയോഗത്തിലെ തീരുമാനം അവഗണിച്ചാൽ കരാറുകാർക്ക് ഉണ്ടാകാൻ പോകുന്നത് കനത്ത നഷ്ടം. നിർമ്മാണ ചുമതലയിൽ നിന്ന് പുറത്തായാൽ പുതിയ കരാറിന്റെ ഭാഗമായുണ്ടാകുന്ന അധിക ചെലവ് പഴയ കരാറുകാർ വഹിക്കേണ്ടിവരും. കരാർ ലംഘനത്തിന്റെ പേരിലുള്ള നിയമനടപടികളുടെ ഭാഗമായി സ്ഥാപനം സർക്കാരിന്റെ കരിമ്പട്ടികയിലുമാകും.
ഇതുവരെ 3. 89 കോടി രൂപ കരാറുകാർക്ക് നൽകിയതായി ജി.സി.ഡി.എ യിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 2. 74 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായാണ് നൽകിയത്. കൂടാതെ 1. 15 കോടിയും നൽകി. 2. 68 കോടി രൂപയുടെ ബിൽ മാത്രമാണ് അവർ സമർപ്പിച്ചത്. പദ്ധതിക്ക് പണം നൽകുന്നതിൽ യാതൊരു തടസമുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കരാറുകാർ് പുറത്തായാൽ പദ്ധതി വീണ്ടും ടെൻഡർ ചെയ്യേണ്ടിവരും. സ്വാഭാവികമായും നിർമ്മാണചെലവ് കൂടും. ഉദ്ദേശം അഞ്ചുകോടി രൂപയെങ്കിലും കൂടുതൽ വരും. അത് ആദ്യ കരാറുകാരനിൽ നിന്ന് ഈടാക്കാമെന്നാണ് കരാർ വ്യവസ്ഥ. കരാറുകാരുടെ സർക്കാർ അക്രഡിറ്റേഷൻ റദ്ദാക്കിയാൽ കരിമ്പട്ടികയിലുമാകും.