booth
കുപ്പത്തൊട്ടിയായ ബോട്ടിൽബൂത്ത്

കിഴക്കമ്പലം: പട്ടിമറ്റം ടൗണിന് തിലകക്കുറിയാകേണ്ട ഓപ്പൺ എയർസ്റ്റേജും ബസ് കാത്തിരിപ്പ് കേന്ദ്രവും ലഹരിമാഫിയയുടെ പിടിയിൽ. ടൗണിന്റെ ഹൃദയഭാഗമായ ഇവിടം അന്യസംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ ലഹരി കൈമാറ്റം ചെയ്യുന്നതിന് മാത്രമായി മാറിയതോടെ മൂക്കുപൊത്താതെ നിൽക്കാൻ വയ്യാത്ത അവസ്ഥയായി. മുറുക്കിത്തുപ്പി വൃത്തികേടാക്കിയും സിഗരറ്റ്, ബീഡിക്കുറ്റികളും ഒഴിഞ്ഞ മദ്യക്കുപ്പികളും വലിച്ചെറിഞ്ഞും ഇവിടം വൃത്തികേടാക്കിയിരിക്കുകയാണ്. പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പരിസ്ഥിതി സംഘടന സ്ഥാപിച്ച ബോട്ടിൽബൂത്ത് കുപ്പത്തൊട്ടിയായി മാറി.

കുന്നത്തുനാട് പഞ്ചായത്തിനുകീഴിൽ ടൗണിന്റെ ഹൃദയഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ സ്ഥിതി അത്രകണ്ട് ശോചനീയമാണ്. പെരുമ്പാവൂർ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവർക്കായി നിർമ്മിച്ചതാണ് കാത്തിരിപ്പുകേന്ദ്രം. എന്നാൽ സാമൂഹികവിരുദ്ധർ വിശ്രമകേന്ദ്രമാക്കിയതോടെ സ്ത്രീകളും കുട്ടികളും നടപ്പാതയിലാണ് ബസ് കാത്തുനിൽക്കുന്നത്. ചിലർ കുടികിടപ്പവകാശം വാങ്ങിയ പോലെയാണ് ഇവിടെ കൈയേറിയിരിക്കുന്നത്. ഒപ്പം ആക്രിശേഖരണവും അത് സൂക്ഷിക്കാനുള്ള ഇടവുമാക്കി മാറ്റി. ഇത്തരക്കാർ പകൽ സമയങ്ങളിൽ പലേടത്തും കറങ്ങിനടന്നശേഷം അന്തിമയങ്ങുമ്പോൾ സ്​റ്റേജും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്‌ളെക്‌സിലെ മുറികളുടെ മുൻഭാഗവും കൈയടക്കുകയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും മുഷിഞ്ഞുപേക്ഷിച്ച തുണികളും ആക്രിപെറുക്കിയ സാധനങ്ങളുംകൊണ്ട് പരിസരമാകെ നിറഞ്ഞു.

 ഷോപ്പിംഗ് കോംപ്ലക്‌സ് സംരക്ഷിക്കണം

കുന്നത്തുനാട് പഞ്ചായത്ത് 2012 ൽ ടൗണിൽ പണി പൂർത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഇന്നത്തെ ദുരിതാവസ്ഥയുടെ നേർചിത്രമാണിത്. നേരത്തെ സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പട്ടിമ​റ്റം ശാഖ ഇവിടെയായിരുന്നു. പിന്നീട് അസൗകര്യത്തെത്തുടർന്ന് മാ​റ്റി. മുകളിൽ പോസ്​റ്റ് ഓഫീസും പബ്ലിക് ലൈബ്രറിയുമുണ്ട്. അവിടേക്ക് കയറുന്ന വഴികളും മദ്യപസംഘം കൈയ്യടക്കിയിരിക്കുകയാണ്. നാട്ടുകാർ നിരവധി പ്രാവശ്യം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഷോപ്പിംഗ് കോപ്ലക്‌സ് സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിവിധ രാഷ്ട്രീയ സാംസ്‌കാരിക പരിപാടികൾക്ക് വേദിയാകേണ്ട ടൗണിലെ പ്രധാന ഇടത്തിനാണ് ഈ ദുർഗതി.