കൊച്ചി: ഇടുക്കി എൻജിനിയറിംഗ് കോളേജിലെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ പ്രതികളായ 12 എസ്.എഫ്.ഐ പ്രവർത്തകർ ഒളിവിൽ. എസ്.എഫ്.ഐ പ്രവർത്തകൻ അമൽ ബാബുവിന് പരിക്കേറ്റ സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വിദ്യാർത്ഥികളിൽ രണ്ടു പേർ ഇന്നലെ ആശുപത്രി വിട്ടു. കൊവിഡ് പോസിറ്രീവായ കെ.എസ്.യു പ്രവർത്തകനെ ഹോം ക്വാറന്റൈനിലേക്ക് മാറ്റി.
പ്രകടനത്തിലും സംഘർഷം
പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർത്ത് ഹോസ്റ്റലിലേക്ക് കയറാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റു.
മഹാരാജാസ് അടച്ചിടും
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. കോളേജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ഡോ. എ.പി. രമ കൺവീനറും ഡോ. അബ്ദുൾ ലത്തീഫ്, വിശ്വമ്മ പി.എസ് എന്നിവർ അംഗങ്ങളുമായ സമിതി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. മഹാരാജാസ് കോളേജിലും ലോ കോളേജിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.