high-court

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി. എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.

പ്രതിക്കെതിരായ ആരോപണങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. സമാന്തര എക്സ്ചേഞ്ചുകൾ ലാഭകരമല്ലാതിരുന്നിട്ടും അവ തുടരുന്നതിന് കാരണം അന്വേഷിച്ചു കണ്ടെത്തണം. തീവ്രവാദം, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയവയുമായി ഇവയുടെ പ്രവർത്തനത്തിന് ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാര്യം പറഞ്ഞത്.

കേസിൽ കൂട്ടുപ്രതിയായ കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. വൻതുകയ്ക്ക് ഇയാൾ കോൾ റൂട്ടുകൾ പാക്, ചൈന, ബംഗ്ളാദേശ് സ്വദേശികൾക്ക് വിറ്റെന്നും സമാന്തര എക്സ്ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ളൗഡ് സെർവർ ചൈനയിലാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തുടർന്നാണ് അബ്ദുൾ ഗഫൂർ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടെന്നു വിലയിരുത്തി ഹർജി തള്ളിയത്.