കോലഞ്ചേരി: കോലഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് കോലഞ്ചേരി ബാർ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരവധി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുന്നത്തുനാട് താലൂക്ക്. ആസ്ഥാനം പെരുമ്പാവൂരായതിനാൽ കോലഞ്ചേരി മേഖലയിലുള്ളവർക്ക് കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്. കോലഞ്ചേരിക്ക് സമീപമുള്ള പഞ്ചായത്തുകളായ പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകൾ ഉൾപ്പെടുത്തി കോലഞ്ചേരി താലൂക്ക് രൂപീകരിക്കണമെന്നാണ് ആവശ്യം.

നിലവിൽ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും കോലഞ്ചേരി കേന്ദ്രീകരിച്ചുള്ള മിനിസിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. 1985ൽ കോലഞ്ചേരി കോടതി ഉദ്ഘാടനം ചെയ്ത വേളയിൽ അന്നുയർന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കോലഞ്ചേരി താലൂക്ക് രൂപീകരണം. ഈ ആവശ്യത്തിന് 37വർഷത്തിന്റെ പഴക്കമുണ്ട്. കോലഞ്ചേരി താലൂക്ക് രൂപീകരണം സംബന്ധിച്ചുള്ള അപേക്ഷ മുഖ്യമന്ത്രി, റവന്യൂമന്ത്രി തുടങ്ങിയവർക്ക് അയച്ചിട്ടുണ്ടെന്ന് ബാർ അസോസിയേഷൻ പ്രസിസന്റ് എം.വൈ. സാജു, സെക്രട്ടറി സി.ആർ. വിനോദ്കുമാർ എന്നിവർ അറിയിച്ചു.