മൂവാറ്റുപുഴ: വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മൂന്നു പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കൊണ്ടുവന്ന പായിപ്ര– അശമന്നൂർ– എരമല്ലൂർ കുടിവെള്ള പദ്ധതിയിൽനിന്ന് വേനൽ തുടക്കത്തിലേ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുമായി വീട്ടമ്മമാർ. മുപ്പതുവർഷം മുന്നിൽക്കണ്ട് കൊണ്ടുവന്ന പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലെ തകരാറുകളും മോട്ടോറുകളുടെ പ്രവർത്തനക്ഷമതയില്ലായ്മയുമാണ് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകാതിരിക്കുവാൻ കാരണം.

15കോടിരൂപ ചെലവഴിച്ച് ആരംഭിച്ചതാണ് പദ്ധതി. കോതമംഗലം പുഴയിലെ പെരുമറ്റം ഫ്രഷ് കോളക്കടവിൽ സ്ഥാപിച്ച പമ്പ്ഹൗസിൽ നിന്ന് വെള്ളം പമ്പുചെയ്ത് നിരപ്പിലെ ശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിച്ചശേഷം പായിപ്ര, നെല്ലിക്കുഴി, അശമന്നൂർ പഞ്ചായത്തുകളിൽ വെള്ളമെത്തിക്കുന്ന പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടിരുന്നത്.

 കുടിവെള്ളമെത്തുന്നത് വല്ലപ്പോഴും

പായിപ്ര, അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുമെന്ന് അവകാശവാദവുമായിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. പലകാരണങ്ങളാൽ പദ്ധതിയുടെ പൂർത്തീകരണം വൈകിയിരുന്നു. 12വർഷം മുമ്പ് പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. എന്നാലിപ്പോൾ ഗുണഭോക്താക്കൾക്ക് ശുദ്ധജലം എത്തുന്നത് വല്ലപ്പോഴുമാണ്. പായിപ്ര പഞ്ചായത്തിലെ പള്ളിപ്പടി, ഐരുമല, കൂരിക്കാവ്, പുന്നോപ്പടി, പോയാലി, ഒഴുപാറ, പായിപ്ര, മാനാറി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടുത്ത ശുദ്ധജലക്ഷാമമാണ് നേരിടാൻ പോകുന്നത്. വേനൽ ആരംഭിച്ചതോടെ ഭൂമിയിലെ നീരുറവകൾ വറ്റിത്തുടങ്ങി. ഇതോടെ ഭൂമി ഉണങ്ങിവരണ്ടു. പാടങ്ങൾ എല്ലാം നികത്തിയതിനുപുറമെ എല്ലാമലകളും ഇടിച്ചുനിരത്തിയതും ഭൂമിയിലെ നീരുറവ വറ്റാൻ കാരണമായി. വേനൽ ആരംഭത്തിൽ സ്ഥിതി ഇതാണെങ്കിൽ മൂന്നു പഞ്ചായത്തിലെ ജനങ്ങളും മൂവാറ്റുപുഴ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും കുടി വെള്ളത്തിനായി നെട്ടോട്ടം ഓടേണ്ടിവരും.

പാടശേഖരങ്ങളും മലകളും സംരക്ഷിച്ച് ഭൂമിയിൽ നീരുറവ നിലനിർത്തുകയും നിലവിലുള്ള കുടിവെള്ള പദ്ധതികൾ സമയാസമയങ്ങളിൽ അറ്റകുറ്റപ്പണിയും ചെയ്താൽ ഒരുപരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ കഴിയുമെന്ന് പായിപ്ര ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ വി.എച്ച്. ഷെഫീക്ക് പറഞ്ഞു.