 
അങ്കമാലി : അങ്കമാലി- മഞ്ഞപ്ര റോഡിലെ മുല്ലശേരി പഴയപാലത്തിൽ തുടർച്ചയായി അപകടമുണ്ടാകുന്നു. മഞ്ഞപ്രഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ വീതികൂടിയ റോഡിൽനിന്ന് ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോൾ പാലങ്ങളെ വേർതിരിക്കുന്ന കരിങ്കൽഭിത്തിയിൽ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്. രണ്ടു പാലങ്ങളാണ് മുല്ലശേരി തോടിന് കുറുകെയുള്ളത്. 12 വർഷം മുൻപ് നിർമ്മിച്ച പുതിയ പാലത്തിന് വീതിയുണ്ടെങ്കിലും കാലപ്പഴക്കമുള്ള പഴയ പാലത്തിന് വീതികുറവാണ്. പുതിയ പാലം നിർമ്മിച്ചപ്പോൾ റോഡിനിരുവശവും ഭൂമി ഏറ്റെടുത്ത് വീതികൂടിയ റോഡ് നിർമ്മിച്ചു. മഞ്ഞപ്ര ഭാഗത്തുനിന്ന് വീതികൂടിയ റോഡിലൂടെ വരുന്ന വാഹനം ഇടുങ്ങിയ പഴയ പാലത്തിൽ കയറുമ്പോഴാണ് അപകടം സംഭവിക്കുന്നത്. പാലത്തിൽ മുന്നറിയിപ്പ് ബോർഡുകളോ റിഫ്ളക്ടറുകളോ, വിളക്കുകളഏ ഇല്ല.
പാലങ്ങളെ വേർതിരിച്ച് നിറുത്തുന്ന കരിങ്കൽ ഭിത്തിയുടെ ഉയരംകൂട്ടി റിഫ്ളക്ടറുകൾ പിടിപ്പിക്കുകയും മഞ്ഞപ്ര റോഡിൽ നിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗത്ത് 15 മീറ്റർ നീളത്തിൽ ഇരുമ്പുകുറ്റികളോ മറ്റോ ഉപയോഗിച്ച് മീഡിയൻ നീട്ടി മീഡിയനുകളിൽ റിഫ്ളക്ടറുകൾ സ്ഥാപിച്ചും പാലത്തിൽ വെളിച്ചം ലഭ്യമാക്കുകയും ചെയ്താൽ ദൂരെനിന്നുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പാലത്തിലേക്കുള്ള വഴി തിരിച്ചറിയാൻ കഴിയും. വലിയ ദുരന്തങ്ങൾക്കായി കാത്തുനിൽക്കാതെ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.