ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയാറിൽ പൊതുശ്മശാനത്തോട് ചേർന്ന് ഖരമാലിന്യ സംസ്കരണകേന്ദ്രം സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. ഐ.ആർ.ഇയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലമാണ് പദ്ധതിക്കായി സ്വകാര്യ സ്ഥാപനത്തിന് സർക്കാർ പാട്ടത്തിന് നൽകിയിട്ടുള്ളത്.
വ്യവസായ മലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് പരാതി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തും പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. എല്ലാ വാർഡ് - ഗ്രാമസഭകളിലും പ്രതിഷേധ പ്രമേയം പാസാക്കുന്നുണ്ട്. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനമാണ് ഇവിടെ സ്വകാര്യ കമ്പനി ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെയെത്തിച്ച് സംസ്കരിക്കാനാണ് നീക്കം.
ഈ സാഹചര്യത്തിലാണ് കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രത്യക്ഷ സമരമാരംഭിക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ടി.ജെ. ടൈറ്റസ്, കെ.ബി. ജയകുമാർ, ബിന്ദു രാജീവ്, ടി.കെ. ജയൻ, ഇബ്രാഹിംകുഞ്ഞ്, സാജു വർഗീസ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.