#കൗൺസിൽ യോഗം അലങ്കോലമായി
ആലുവ: എഴ് കോടിയുടെ വായ്പലഭ്യമാക്കാൻ കഴിയാതെ നിർദ്ദിഷ്ട മാർക്കറ്റിന്റെ രൂപരേഖ നഗരസഭ മാറ്റിവരച്ചപ്പോൾ വേണ്ടത് മൂന്നിരട്ടി കൂടുതൽ തുക. എവിടെനിന്ന് എങ്ങനെ പണം ലഭ്യമാക്കുമെന്നറിയാതെ അന്തംവിടുകയാണ് നഗരസഭാ ഉദ്യോഗസ്ഥർ.
1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് കെട്ടിടമാണ് നിർദ്ദിഷ്ട രൂപരേഖയിൽ. കെട്ടിടം നിർമ്മിക്കാൻ ചതുരശ്ര അടിക്ക് 1500 രൂപ ചെലവഴിച്ചാൽ പോലും 22.5 കോടി വേണം. ഈ സാഹചര്യത്തിൽ പദ്ധതി എങ്ങനെ യാഥാർത്ഥ്യമാകുമെന്നാണ് ഒരു വിഭാഗം കൗൺസിലർമാർ ചോദിക്കുന്നത്.
പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താത്തതാണ് കഴിഞ്ഞദിവസം നടന്ന നഗരസഭ കൗൺസിൽ യോഗം അലങ്കോലമാക്കിയത്. പ്രതിപക്ഷത്തെ എൽ.ഡി.എഫ്, ബി.ജെ.പി, സ്വതന്ത്ര അംഗങ്ങൾ എന്നിവരാണ് പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടണമെന്നവശ്യപ്പെട്ട് രംഗത്തെത്തിയത്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ചെയർമാൻ എം.ഒ. ജോൺ അടുത്ത അജണ്ടയിലേക്ക് കടന്നതോടെ ബഹളമായി. പ്രതിപക്ഷ കൗൺസിലർമാർ ചെയർമാന്റെ കാബിനിലേക്കെത്തി മുദ്രാവാക്യം വിളിച്ചതോടെ മറ്റ് അജണ്ടകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു. ഇതോടെ പ്രകോപിപിതരായ പ്രതിപക്ഷം ചെയർമാനെ പുറത്തേക്ക് വിടാതെ വളഞ്ഞു. ബഹളത്തിനിടയിലും കാർപോർച്ച് വരെയെത്തിയ ചെയർമാൻ കാറിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി കൗൺസിലർ എസ്. ശ്രീകാന്ത് കാറിന് മുമ്പിൽ കിടന്നു.
നിലവിൽ സർക്കാർ അംഗീകരിച്ച ഡി.പി.ആർ, എ.എസും ടി.എസും റദ്ദാക്കിയതെന്തിന്?, പുതിയ രൂപരേഖ തയ്യാറാക്കൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയത് കൗൺസിലിന്റെയോ സർക്കാരിന്റെയോ അനുമതിയോടെയാണോ?, പഴയ രൂപരേഖ റദ്ദാക്കിയതിലൂടെ നഗരസഭയ്ക്കുണ്ടായ നേട്ടമെന്താണ്? മാർക്കറ്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി നഗരസഭയുടേതാണെന്നതിന് രേഖകളുണ്ടോ? എന്നീ ചോദ്യങ്ങൾക്കാണ് ചെയർമാൻ മറുപടി നൽകാതിരുന്നതെന്നും ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയശേഷം കൗൺസിൽ അനുമതിയോടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാൻ പാടുള്ളുവെന്ന് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയതായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ്കുമാർ പറഞ്ഞു.
 ബി.ജെ.പി പ്രകടനം
മാർക്കറ്റ് നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ ഒളിപ്പിക്കുന്നതിനെതിരെ ബി.ജെ.പി നഗരത്തിൽ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, നഗരസഭ കൗൺസിലർമാരായ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രീത രവി, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ. ശ്രീകാന്ത്, ശ്രീലത വിനോദ്കുമാർ, ഇന്ദിരാദേവി, മറ്റ് നേതാക്കളായ പ്രദീപ് പെരുമ്പടന്ന, എ.സി. സന്തോഷ്‌കുമാർ, രമണൻ ചേലാക്കുന്ന്, കെ.ആർ. റെജി എന്നിവർ നേതൃത്വം നൽകി.