hsptl
വടവുകോട് ആശുപത്രി

കോലഞ്ചേരി: താളംതെറ്റിയ പ്രവർത്തനത്തെത്തുടർന്ന് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് അംഗം വി.എസ്. ബാബു എന്നിവരിൽ നിന്നും നാട്ടുകാർ, ജീവനക്കാർ എന്നിവരിൽ നിന്നും വിശദമായ മൊഴി ഡി.എം.ഒ ശേഖരിച്ചു. ആശുപ്രതിയുടെ താളംതെറ്റിയത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ടുചെയ്തിരുന്നു. ഇവിടത്തെ ഡോക്ടർമാർക്കും ക്ളറിക്കൽ ജീവനക്കാർക്കുമെതിരെ പഞ്ചായത്ത് അംഗങ്ങളടക്കം നിരവധിപേർ പരാതി നൽകിയിരുന്നു. ആശുപത്രി പ്രവർത്തനങ്ങളോട് ഡോക്ടർമാരും ജീവനക്കാരും സഹകരിക്കുന്നില്ലെന്നാണ് പ്രധാനപരാതി.

7 ഡോക്ടർമാർ വേണ്ടഇവിടെ 5 പേരാണ് ഇപ്പോഴുള്ളത്. ഇവരിൽ മെഡിക്കൽ ഓഫീസറും ഓഫീസർ ഇൻചാർജും സ്ഥിരമായി ലീവിലാണ്. രണ്ടുജീവനക്കാർ കൃത്യവിലോപം നടത്തിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് ഡി.എം.ഒ പറഞ്ഞു.

 രണ്ടുവർഷമായി കിടത്തിചികിത്സയില്ല

ജില്ലയുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സർക്കാർ ആശുപത്രി നൂറുകണക്കിനു രോഗികളുടെ ആശ്രയകേന്ദ്രമാണ്. സൗകര്യങ്ങളുണ്ടായിട്ടും രണ്ടുവർഷമായി ഇവിടെ കിടത്തി ചികിത്സ നിർത്തിവച്ചിരിക്കുകയാണ്. രാത്രിസേവനത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് കാരണം. 60 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുളളത്. നേരത്തെ ഇവിടെ ദിനംപ്രതി മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തിയിരുന്നു. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്. കൂടാതെ പോസ്​റ്റുമോർട്ടവും ഒന്നരവർഷമായി മുടങ്ങിക്കിടക്കുകയാണ്. അത്യാഹിത വിഭാഗം, മോർച്ചറി, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, പോസ്​റ്റുമോർട്ടം, എക്‌സ്റേ, കുട്ടികൾക്കുവേണ്ടി പ്രത്യേക വിഭാഗം, ഫാർമസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവർത്തനം മൊത്തത്തിൽ താളംതെ​റ്റിയിരിക്കുകയാണ്. ഡോക്ടർമാരുടെ അവഗണനയും അനാസ്ഥയും കാരണം കുറച്ചു നാളുകളായി രോഗികൾ ഇവിടെയെത്താത്ത അവസ്ഥയാണുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷൻ വാർഡ് തുടങ്ങുന്നതിന് പുതിയകെട്ടിടം നിർമ്മിക്കാൻ 1.75 കോടി രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്.