പള്ളുരുത്തി: ആദർശ ഗ്രാമമാകാൻ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ഹൈബി ഈഡൻ എം.പിയാണ് പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളങ്ങി പഞ്ചായത്തിനെ മാതൃകാഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉദ്ഘാടനം ചെയ്യും. കുമ്പളങ്ങി സെന്റ് ജോസഫ് പാരിഷ് ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിക്കും. കെ.ജെ.മാക്സി എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ഹൈബി ഈഡൻ എം.പി പഞ്ചായത്തിന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം ഗവർണ്ണർ നിർവഹിക്കും. കുമ്പളങ്ങിയിലെ വാർഡുകളിലെ ഹരിത കർമസേനാംഗങ്ങൾക്കുള്ള ട്രൈ സൈക്കിൾ വിതരണം, വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ താക്കോൽദാനം, കുമ്പളങ്ങി പഞ്ചായത്ത് നാപ്കിൻ ഫ്രീ പ്രഖ്യാപനം, 5000 സ്ത്രീകൾക്ക് മെൻസ്ട്ര്വൽ കപ്പ് വിതരണം, എസ്.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം, സെന്റ് തെരേസാസ് കോളേജിന്റെ സഹകരണത്തോടെ വാർഡുകളിൽ ഡിജി ലോക്കർ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അറിയിച്ചു. പഞ്ചായത്തിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിവിധയിടങ്ങളിൽ കാമറ സ്ഥാപിച്ചതായി വൈസ് പ്രസിഡന്റ് പി.എ.സഗീർ, വികസനകാര്യ ചെയർപേഴ്സൻ ജാസ്മിൻ രാജേഷ്, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ബെയ്സിൽ പുത്തൻവീട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ബി.അജിത എന്നിവർ അറിയിച്ചു.