kee
ശതാബ്ദി ആഘോഷിക്കുന്ന കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ

പെരുമ്പാവൂർ: കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം 14ന് തുടങ്ങും. വൈകിട്ട് 3ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മാർത്തോമാ സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ് ഡോ.എൻ. ജയരാജ് മുഖ്യസന്ദേശം നൽകും. ബെന്നി ബെഹനാൻ എം പി ശതാബ്ദി ചാരിറ്റി പ്രോജക്ടുകളുടെ ഉദ്ഘാടനവും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശതാബ്ദി സ്മാരക സ്‌കൂൾ കോംപ്ലക്‌സ് മാതൃക അനാച്ഛാദനവും സിനിൽ സൈനുദ്ദീൻ ശതാബ്ദി ഗാന- സിഡി പ്രകാശനവും രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ശതാബ്ദി ലോഗോ പ്രകാശനവും സുവിശേഷ സംഘം ജനറൽ സെക്രട്ടറി ജിജി മാത്യൂസ് ശതാബ്ദിഫണ്ട് ഉദ്ഘാടനവും നിർവഹിക്കും. ഉദ്ഘാടനം ചെയ്യും. ഇന്ന് ശതാബ്ദി വിളംബര ഘോഷയാത്ര രാവിലെ 9ന് മണ്ണൂരിൽ നിന്നാരംഭിക്കും. ദീപശിഖാപ്രയാണം ഷാപ്പുംപടി, കീഴില്ലം എന്നിവിടങ്ങളിലൂടെ സ്‌കൂളിൽ എത്തിച്ചരുമെന്ന് പ്രിൻസിപ്പൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടു കൂടിയ എട്ട് ക്ലാസ് മുറികൾ അടങ്ങിയ ശതാബ്ദിസ്മാരക കെട്ടിട സമുച്ചയ നിർമ്മാണം, സാംസ്‌കാരിക സമ്മേളനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഗ്ലോബൽ അലുമിനി മീറ്റ്, പൂർവ അദ്ധ്യാപക സംഗമം, കലാസന്ധ്യ, ശതാബ്ദി സ്മരണിക തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കോർപ്പറേറ്റ് മാനേജർ ലാലികുട്ടി പി, ശതാബ്ദി കമ്മിറ്റി ചെയർമാൻ ഡെന്നി ഫിലിപ്പ്, പ്രിൻസിപ്പൽ ബിജു ജി, ഹെഡ്മാസ്റ്റർ ഷാജി മാത്യു കെ, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ തോമസ് കെ പോൾ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ തമ്പി പോൾ, സോഷ്യൽ മീഡിയ കമ്മിറ്റി ചെയർമാൻ പി കെ കുരുവിള, സോഷ്യൽ മീഡിയ കൺവീനർ ബെൻസൺ ബേബി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സുബി റെയ്ച്ചൽ മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ലിജി മേരി ജോസഫ് എന്നിവർ വിശദീകരിച്ചു.