1

മട്ടാഞ്ചേരി: കൊച്ചി കോർപ്പറേഷൻ മാലിന്യനീക്കത്തിന് കരാറടിസ്ഥാനത്തിൽ വാഹനങ്ങളെടുക്കുന്നതിൽ വൻ അഴിമതിയെന്ന് ആരോപണം. കോർപ്പറേഷന്റെ ലോറികൾ കട്ടപ്പുറത്താക്കിയാണ് ചവറ് നീക്കത്തിന് മറ്റു വാഹനങ്ങൾ ഏറ്റെടുക്കുന്നത്. വേണ്ടത്ര ട്രിപ്പുകൾ നടത്താതെയും കൃത്യമായ സംവിധാനങ്ങളോ നിയന്ത്രണങ്ങളോ നിരീക്ഷണങ്ങളോ ഇല്ലാതെയുമാണ് കരാർ വാഹനങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. ഇതിന്റെ കരാർതുകയിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. കൊച്ചി നഗരസഭയുടേതായി മാലിന്യ നീക്കത്തിന് 10 ടൺ വരെ ശേഷിയുള്ള കവേർഡ് ലോറികൾ ഉണ്ടെങ്കിലും ഇവ ഉപയോഗിക്കാതെ നഗരസഭയുടെ സോണൽ ഓഫീസുകളിൽ നിത്യവിശ്രമത്തിലാണ്.

പ്രതിദിനം രാവിലെ ഏഴു മുതൽ രണ്ടു വരെ പശ്ചിമ കൊച്ചിയിൽ നിന്നുള്ള മാലിന്യം കുറഞ്ഞത് രണ്ടു ട്രിപ്പിൽ ബ്രഹ്മപുരത്ത് എത്തിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ കുടുംബശ്രീക്കാരിൽ നിന്ന് രാവിലെ 9ന് ശേഷമേ ലോറികളിൽ മാലിന്യം ശേഖരിക്കാറുള്ളുവെന്നും ഇവയുമായി ലോറി പതിനൊന്ന് മണിക്ക് ശേഷമേ ബ്രഹ്മപുരത്തേയ്ക്ക് തിരിക്കാറുള്ളുവെന്നും പറയുന്നു. ഉച്ചയോടെ അവിടെയെത്തുന്ന ലോറികൾ പിന്നീട് അടുത്ത ദിവസമാണ് ലോഡ് എടുക്കാറ്. എന്നാൽ ചില ഘട്ടങ്ങളിൽ അധിക ട്രിപ്പടിച്ചാൽ അവ എക്സ്ട്രയായും കണക്കാക്കും. നഗരങ്ങളിൽ രാത്രികാലങ്ങളിൽ നടക്കുന്ന മാലിന്യനീക്കത്തിലും കൃത്യമായ നിരീക്ഷണമില്ലെന്നും ആരോപണമുയരുന്നുണ്ട്

മാലിന്യ നീക്കത്തിലെ അഴിമതി ചൂണ്ടിക്കാട്ടി 2017-18ൽ നഗരസഭയിൽ നടന്ന ചർച്ചകൾക്ക് ശേഷം കരാർ - നഗരസഭാ വാഹനങ്ങളടക്കമുള്ളവയിൽ ചീപ്പുകൾ ഘടിപ്പിക്കണമെന്നാവശ്യമുയർന്നെങ്കിലും അത് നടപ്പാക്കിയിട്ടില്ല. ഒരു ഘട്ടത്തിൽ ആധുനിക സംവിധാനങ്ങളുമായി മാലിന്യനീക്കത്തിന് വാഹനങ്ങളൊരുക്കാൻ സർക്കാർ - തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറായെങ്കിലും ആ ഫയൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.