cp-thariyan
നെടുമ്പാശേരി മേഖല ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയതായി രൂപീകരിച്ച കമ്പനിയുടെ ഓഹരി ഉടമകളുടെ പ്രഥമ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം നിർവഹിക്കുന്നു.

നെടുമ്പാശേരി: വിഷരഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെടുമ്പാശേരി മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് വൈവിദ്ധ്യവത്കരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ചെറുകിട കർഷകരുടെ കാർഷികവിളകൾ ഗുണമേന്മ ഉറപ്പാക്കി ന്യായവിലയിൽ സംഭരിച്ച്, മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി സ്വന്തം ബ്ലാൻഡിൽ വിപണിയിലിറക്കുകയാണ് ലക്ഷ്യം.

അത്താണി മർച്ചന്റ്‌സ് ടവറിൽ സജ്ജമാക്കിയിട്ടുള്ള ജൈവകലവറ 15ന് വൈകിട്ട് മൂന്നിന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ ലോഗോ പ്രകാശിപ്പിക്കും. ജൈവകൃഷി, പൂന്തോട്ടങ്ങൾ, ജൈവവളങ്ങൾ, കെ.എ.യു വിത്തുകൾ, കാർഷിക ഉപകരണങ്ങൾ മുതലായവ ഏറ്റവും നൂതന ഇനങ്ങൾ ജൈവകലവറയിൽ സബ്‌സിഡി നിരക്കിൽ ലഭ്യമാകും.
ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്പനിയുടെ ഓഹരി ഉടമകളുടെ പ്രഥമയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.