photo
വൈപ്പിൻ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ല കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ എന്നിവർ

വൈപ്പിൻ: മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിരന്തരശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉന്നത അധികൃതരുടെ യോഗം ജില്ലാ കളക്ടറേറ്റിൽ വിളിച്ചുചേർത്ത് സ്ഥിഗതികൾ വിലയിരുത്തുകയും അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികൾ ആവിഷ്‌കരിക്കുകയും ചെയ്തു. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ കളക്ടറുടെ താത്കാലിക ചുമതല വഹിക്കുന്ന അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.
ജലദൗർലഭ്യം ഏറ്റവും കൂടുതൽ നേരിടുന്ന വിതരണ ശൃംഖലയിലെ ഒടുവിലത്തെ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കി എല്ലാ പഞ്ചായത്തിലും ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും കുടിവെള്ളം ലഭ്യമാകുന്ന വിധത്തിൽ വിതരണം ക്രമീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ. അറിയിച്ചു. ചൊവ്വര പ്ലാന്റിൽനിന്ന് വൈപ്പിൻമേഖലയ്ക്ക് നൽകുന്ന കുടിവെള്ളത്തിന്റെ അളവ് ക്രമാനുസൃതമെന്ന് ജലഅതോറിറ്റിയുടെയും പഞ്ചായത്ത് അധികൃതരുടെയും സംഘം നിരീക്ഷിച്ച് ഉറപ്പാക്കണം.
പഞ്ചായത്തുകൾ അപേക്ഷിക്കുന്ന മുറക്ക് തനതുഫണ്ട് വിനിയോഗിച്ചു കുടിവെള് വിതരണം ടാങ്കർ ലോറി മുഖേന നടത്തുന്നതിന് അനുമതി നൽകും. ഞാറക്കൽ പഞ്ചായത്തിൽ വിതരണശൃംഖലാന്ത്യപ്രദേശങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതിന് ജലഅതോറിറ്റിക്ക് ഉത്തരവ് നൽകുമെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് വ്യകത്മാക്കി. കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നുണ്ടോയെന്നും പൈപ്പുകളിലെ പൊട്ടൽമൂലം വെള്ളം പാഴാകുന്നുണ്ടോയെന്നും വാട്ടർ അതോറിറ്റി പരിശോധിക്കണം.
ചൊവ്വര ജലശുദ്ധീകരണശാലയിലെ ജലജീവൻ പദ്ധതി പ്രകാരമുള്ള നാലുകോടി രൂപയുടെ പ്രവൃത്തി നാലുമാസംകൊണ്ടു പൂർത്തിയാകുമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.