gopalan-house-1
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ഇനിയും ശരിയാക്കി കൊടുക്കാത്ത നെടുമ്പിള്ളിൽ ഗോപാലന്റെ വീടിനു മുൻപിലെ തുളവീണ അലൂമിനിയം റൂഫിംഗ് ഷീറ്റ്

മരട്: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിച്ചു മാറ്റി രണ്ടു വർഷം പിന്നിടുമ്പോഴും ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ സമീപവാസികളായ മൂന്നു വീട്ടുകാർ. മരടിലെ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ കേടുപാടുകൾ കൂടുതലേറ്റത് ഈ മൂന്നു വീട്ടുകാർക്കായിരുന്നു.

നെടുമ്പിള്ളിൽ ഗോപാലൻ, നെടുംപിള്ളിൽ സുഗുണാനന്ദൻ, കണിയാമ്പിള്ളിൽ അജിത്ത് എന്നിവരുടെ വീടുകൾക്കാണ് ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തത്. പൊളിച്ച ഫ്ലാറ്റിൽ നിന്ന് 30 മീറ്റർ ചുറ്റളവിനുള്ളിൽ നിൽക്കുന്നതാണ് ഈ വീടുകൾ. 2020 ജനുവരി 12ന് ആണ് ഇവരുടെ വീടിന് സമീപമുള്ള നെട്ടൂരിലെ ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയം 30 മിനിറ്റിന്റെ ഇടവേളയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്.

ഇതിൽ ഗോപാലന്റെ വീടിന്റെ നിരവധി ഓടുകളും അലൂമിനിയം റൂഫിംഗ് ഷീറ്റുകളും സ്ഫോടനത്തിൽ തെറിച്ചു വന്ന ചൂടേറിയ കോൺക്രീറ്റ് കഷ്ണങ്ങൾ വീണ് പൊട്ടിയിരുന്നു. അധികൃതരുടെ പരിശോധനകളെല്ലാം കഴിഞ്ഞ് മൂന്നു മാസങ്ങൾക്കു ശേഷമാണ് പൊട്ടിയ ഓടുകൾ മാറ്റിയിടാൻ സാധിച്ചത്. നിരവധി വലിയ തുളകൾ വീണ അലൂമിനിയം ഷീറ്റുകൾ ഫ്ളാറ്റ് പൊളിച്ച കമ്പനിയെ കൊണ്ട് മാറ്റി ഇടീക്കാമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. മഴപെയ്താൽ ഇപ്പോഴും വെള്ളം അകത്തു വീഴുന്ന അവസ്ഥയിലാണ്. പൊളിക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തായതിനാലും വയോധികർ വീട്ടിൽ ഉള്ളതിനാലും ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുൻപേ തൃപ്പൂണിത്തുറയിലെ വാടക വീട്ടിലേക്ക് മാറിയിരുന്നു.

നെടുംപിള്ളിൽ സുഗുണാനന്ദന്റെ രണ്ടു നില വീടിനാണ് ഫ്ളാറ്റ് പൊളിച്ചതിനു ശേഷം വിള്ളൽ വീണു തുടങ്ങിയത്. രണ്ടാം നിലയുടെ ടെറസിലും വിള്ളൽ വീണ് മഴ പെയ്യുമ്പോൾ വെള്ളം ഉള്ളിലേക്ക് ഒലിച്ചിറങ്ങും. കണിയാമ്പിള്ളി അജിത്തിന്റെ കുടുംബത്തിന് എട്ടുമാസത്തോളം ആണ് വാടകയ്ക്ക് മാറി താമസിക്കേണ്ടി വന്നത്. ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപും പൊളിച്ചതിനു ശേഷവും വീട്ടിൽ നിരവധി വിള്ളലുകൾ ആണ് ഉണ്ടായത്. എട്ടു മാസങ്ങൾക്ക് ശേഷം സ്വന്തം കയ്യിൽ നിന്ന് പണം ഇട്ട് വീട് നന്നാക്കുകയായിരുന്നു. അസുഖബാധിതനായിരുന്ന അജിത്ത് അടുത്തിടെ മരണപ്പെട്ടു.

മൂന്നു മാസത്തെ വാടക അനുവദിച്ചു നൽകാം എന്നുള്ള അന്നത്തെ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ ഉറപ്പിന്മേലാണ് ഇവർ വാടകവീടുകളിലേക്ക് മാറിയത്. എന്നാൽ ഫ്ലാറ്റുകൾ പൊളിച്ചു കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതെയായി. മരട് നഗരസഭ ഇടപെട്ട് ശരിയാക്കി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതും ഉണ്ടായില്ല.