കൊച്ചി: വൈറ്റില ജംഗ്ഷനിലെ ജതാഗതക്കുരുക്കിന് അറുതിവരുത്താൻ കച്ചകെട്ടി സിറ്റി പൊലീസ്. പരീക്ഷണ അടിസ്ഥാനത്തിൽ രാത്രികാല ഗതാഗതം ക്രമീകരിക്കാനാണ് തീരുമാനം. ഈ മാസം 16 മുതൽ ഒരാഴ്ചത്തേക്കാണ് ഗതാഗതം പരിഷ്‌കരിക്കുന്നത്. നാല് തരത്തിൽ യാത്ര തിരിച്ചു വിടും. പദ്ധതി വിജയിച്ചാൽ രാവിലെയും നടപ്പാക്കും. എട്ട് ഭാഗങ്ങളിൽ നിന്ന് വാഹനം എത്തുന്നതാണ് നിലവിലെ ഗതാഗത കുരുക്കിന് കാരണമെന്നാണ് കണ്ടെത്തൽ.
കുരുക്കഴിക്കൽ ഈ വിധം
1. പാലാരിവട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വൈറ്റില ഫ്ളൈഓവറിലൂടെ യാത്ര ചെയ്ത് വൈറ്റില ഡെക്കാത്തലണിന് മുമ്പിലുള്ള യൂടേണിലൂടെ കടവന്ത്ര, എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കണം. ജംഗ്ഷനിലൂടെ കടത്തി വിടില്ല. ഫ്ളൈഓവർ വഴി സഞ്ചരിച്ചാൽ 3 മിനിറ്റിൽ സഹോദരൻ അയ്യപ്പൻ റോഡിലെത്താം. ലാഭം 12 മിനിറ്റ്.
2. പൊന്നുരുന്നി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സഹോദരൻ അയ്യപ്പൻ റോഡുവഴിയും, തൃപ്പൂണിത്തുറ റോഡുവഴിയും ആലപ്പുഴ ഭാഗത്തേക്ക് പോകാം.
ഈ പാതയിലൂടെ വരുന്ന വാഹനങ്ങൾ ജംഗ്ഷനിലൂടെ കടത്തിവിടില്ല.
3.പൊന്നുരുന്നി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് സുഭാഷ്ചന്ദ്രബോസ് റോഡ് ഉപയോഗിക്കാം. ജംഗ്ഷനിലൂടെ കടത്തി വിടുന്നതല്ല.
4.കണിയാമ്പുഴ റോഡിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനൾ വൈറ്റില മൊബിലിറ്റി ഹബ്ബ് റോഡുവഴിയോ, മെട്രോ സ്റ്റേഷൻ റോഡുവഴിയോ സഞ്ചരിക്കണം. ഇതിലൂടെ വരുന്ന വാഹനങ്ങൾ ജംഗ്ഷനിലൂടെ കടത്തിവിടില്ല.